കീമില്‍ കേരള സിലബസുകാര്‍ക്ക് തിരിച്ചടി: പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി
ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്;
ന്യൂഡല്‍ഹി: കീം വിഷയത്തില്‍ കേരള സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി നല്‍കുന്ന വിധിയുമായി സുപ്രീം കോടതി.പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം കേരള സിലിബസ് വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികയില്‍ തുല്യത ലഭിക്കുന്ന വിധത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന കാര്യം ഉറപ്പായി.
കേസ് നാലാഴ്ചയ്ക്കകം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്നായിരുന്നു കേരളം സുപ്രീം കോടതിയെ അറിയിച്ചത്. ഈ വര്‍ഷം ഇനി റാങ്ക് പട്ടികയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ ഹര്‍ജിക്കെതിരെ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ തടസഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയതില്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് അധികാരം ഉണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പാണ് ഫോര്‍മുലയില്‍ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകനും വാദിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, ഭേദഗതി ചെയ്യാത്ത പ്രോസ്പെക്റ്റസ് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ സിബിഎസ്ഇ ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന റാങ്കുകള്‍ നേടിക്കൊടുത്തു. ഇതിനെതിരെയാണ് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.