മുതിര്‍ന്ന ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു; അന്ത്യം 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെ

ബോളിവുഡിന്റെ 'ഹീ-മാന്‍' എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം;

Update: 2025-11-24 09:30 GMT

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ വസതിയിലായിരുന്നു 89 കാരനായ താരത്തിന്റെ അന്ത്യം. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകരിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ കുടുംബം ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ എട്ടിന് 90ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് മരണം കടന്നുവന്നത്.

ഈ മാസം ആദ്യം ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന താരം ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നേരത്തെ താരം മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും കുടുംബം അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഊഹാപോഹങ്ങള്‍ പ്രചരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ബോളിവുഡിന്റെ 'ഹീ-മാന്‍' എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്.

'ആയി മിലന്‍ കി ബേല', 'ഫൂല്‍ ഔര്‍ പത്തര്‍', 'ആയേ ദിന്‍ ബഹര്‍ കേ', 'സീത ഔര്‍ ഗീത', 'രാജാ ജാനി', 'ജുഗ്‌നു', 'യാദോന്‍ കി ബാരാത്', 'ദോസ്ത്', 'സിഹര്‍ ആം', 'സിരാതിയാസ്' തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ധര്‍മേന്ദ്ര അറിയപ്പെടുന്നത്.

2012ല്‍, ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ല്‍ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുമക്കളുണ്ട്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. 2023-ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യിലും അദ്ദേഹം അഭിനയിച്ചു.

തിങ്കളാഴ്ച മുംബൈയിലെ വൈല്‍ പാര്‍ലെയിലുള്ള ശ്മശാനത്തിലായിരിക്കും അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ ധര്‍മേന്ദ്രയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

Similar News