'യാത്ര ചെയ്യേണ്ടി വന്നത് പൊട്ടിപ്പൊളിഞ്ഞ സീറ്റില്‍'; എയര്‍ ഇന്ത്യയ്‌ക്കെതിരെ കേന്ദ്ര മന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് 'പൊട്ടിപ്പൊളിഞ്ഞ' സീറ്റ് അനുവദിച്ചു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്തുകൊണ്ടാണ് തനിക്ക് പൊട്ടിപ്പൊളിഞ്ഞ സീറ്റ് അനുവദിച്ചതെന്ന് ജീവനക്കാരോട് ചോദിച്ചപ്പോള്‍ ഈ സീറ്റിലേക്കുള്ള ടിക്കറ്റ് വില്‍ക്കരുതെന്ന് മാനജ്മെന്റിനെ അറിയിച്ചിരുന്നുവെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എക്സിലൂടെയാണ് മന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. മന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയ എയര്‍ ഇന്ത്യ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് നേരിട്ട് സംസാരിക്കാമെന്ന് അധികൃതര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
ശിവ് രാജ് സിങ് ചൗഹാന്റെ കുറിപ്പ്:
കിസാന്‍ മേള ഉദ്ഘാടനം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ഞാന്‍, കൂടാതെ കുരുക്ഷേത്രയില്‍ പ്രകൃതി കാര്‍ഷിക മിഷന്റെ ഒരു യോഗം നടത്താനും ചണ്ഡീഗഡില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനും തീരുമാനിച്ചിരുന്നു. ഇതിനായി എയര്‍ ഇന്ത്യയുടെ എഐ436 എന്ന വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എട്ട് സി എന്ന സീറ്റ് എനിക്ക് ലഭിച്ചു. ഞാന്‍ അവിടെ പോയി ഇരുന്നു. എന്നാല്‍, ആ സീറ്റ് തകരുകയും ഇടിഞ്ഞ് തൂങ്ങുകയും ചെയ്തിരുന്നു. ഇരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ആ ഒരു സീറ്റ് മാത്രമായിരുന്നില്ല അങ്ങനെയുള്ളത്. നിരവധി സീറ്റുകള്‍ ആ നിലയിലായിരുന്നു.
സീറ്റ് മോശമാണെങ്കില്‍ എന്തിനാണ് എനിക്ക് അത് അനുവദിച്ചതെന്ന് എയര്‍ലൈന്‍ ജീവനക്കാരോട് ചോദിച്ചപ്പോള്‍, ഈ സീറ്റ് നല്ലതല്ലെന്നും അതിന്റെ ടിക്കറ്റ് വില്‍ക്കരുതെന്നും മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്റെ സഹയാത്രികര്‍ എന്റെ സീറ്റ് മാറ്റി അവരുടെ നല്ല സീറ്റില്‍ ഇരിക്കാന്‍ എന്നോട് അഭ്യര്‍ത്ഥിച്ചു,
പക്ഷേ, ഞാന്‍ മറ്റൊരു സുഹൃത്തിനെ എന്തിന് ബുദ്ധിമുട്ടിക്കണം, ഇതേ സീറ്റില്‍ ഇരുന്നു യാത്ര പൂര്‍ത്തിയാക്കാന്‍ ഞാന്‍തീരുമാനിച്ചു. ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യയുടെ സര്‍വീസ് മെച്ചപ്പെടുമെന്നായിരുന്നു എന്റെ ധാരണ, എന്നാല്‍ അത് തെറ്റിദ്ധാരണയായിരുന്നു.
ഇരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഞാന്‍ കാര്യമാക്കുന്നില്ല, എന്നാല്‍, മുഴുവന്‍ തുകയും ഈടാക്കിയ ശേഷം യാത്രക്കാരെ മോശവും അസൗകര്യവുമുള്ള സീറ്റുകളില്‍ ഇരുത്തുന്നത് അനീതിയാണ്. ഇത് യാത്രക്കാരെ വഞ്ചിക്കുന്നതല്ലേ? ഭാവിയില്‍ ഒരു യാത്രക്കാരനും ഇത്തരം അസൗകര്യങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് നടപടികള്‍ സ്വീകരിക്കുമോ? പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള യാത്രക്കാരുടെ ആവശ്യം മുതലെടുക്കുന്നത് തുടരുമോ എന്നും ചൗഹാന്‍ എക്സില്‍ കുറിച്ചു.
ഇതിന് എയര്‍ ഇന്ത്യയുടെ മറുപടി ഇങ്ങനെയായിരുന്നു: 'സര്‍, ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുന്നു-' എന്ന്.