ഇന്ത്യന്‍ സേനയുടെ ഗര്‍ജ്ജനം റാവല്‍പിണ്ടിയില്‍ പോലും കേള്‍ക്കാം: ഭീകരര്‍ എവിടെ പോയി ഒളിച്ചാലും പിന്തുടര്‍ന്ന് പിടികൂടുമെന്ന് രാജ് നാഥ് സിംഗ്
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കി;
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ ഗര്‍ജ്ജനം റാവല്‍പിണ്ടിയില്‍ പോലും കേള്‍ക്കാം. ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ പോയി ഒളിച്ചാലും സുരക്ഷിതരല്ലെന്നും പിന്തുടര്‍ന്ന് വേട്ടയാടുമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്‍ക്കുനേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പക്ഷേ പാകിസ്ഥാന്‍ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യന്‍ സൈന്യം ധീരമായി ചെറുത്തു തോല്‍പിച്ചു. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം സൈന്യം ശക്തമായ ആക്രമണം നടത്തി.
പാകിസ്ഥാനില്‍ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ് നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കി. ലഖ് നൗവിലെ പുതിയ ബ്രഹ്‌മോസ് നിര്‍മാണ യൂണിറ്റ് ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും ഇന്ത്യയുടെ നയതന്ത്ര, സാമൂഹിക ശക്തിയുടെ തെളിവാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും അദ്ദേഹം വിശദമാക്കി.
അടിയന്തരമായി ഡല്‍ഹിയില്‍ തുടരേണ്ടതിനാലാണ് ബ്രഹ്‌മോസ് ടെസ്റ്റിംഗ്, നിര്‍മാണ ശാലയുടെ നിര്‍മാണോദ് ഘാടനത്തിന് നേരിട്ട് വരാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധരംഗത്ത് രാജ്യത്തിന്റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താന്‍ കഴിയേണ്ടതുണ്ട്. അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
പൊഖ് റാന്‍ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്‌മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ സോണിക് മിസൈല്‍ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധരംഗത്ത് മുന്നില്‍ നിന്നാലേ ലോകം നമ്മെ ശക്തരായി കരുതൂ എന്ന് എപിജെ അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുപി പ്രതിരോധ ഇടനാഴി രാജ്യത്തിന്റെ അഭിമാനമായി മാറും. നമ്മള്‍ സൈനികരംഗത്തെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ നിര്‍മാണരംഗത്ത് നിര്‍ണായക ചുവടുവയ്പ്പാണ് ഈ നിര്‍മാണ ശാല. ഇതുവരെ ഈ ബ്രഹ്‌മോസ് ടെസ്റ്റിംഗ്, നിര്‍മാണ ശാലയില്‍ ഇന്ത്യ 4000 കോടിയുടെ നിക്ഷേപം നടത്തിയതായും മന്ത്രി പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തിലെ ശക്തിയേറിയ രാഷ്ട്രങ്ങളില്‍ ഒന്നാണ്. നമ്മള്‍ ശക്തി വീണ്ടും വര്‍ധിപ്പിക്കുകയാണ്. ഈ ബ്രഹ്‌മോസ് കേന്ദ്രം രാജ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായകരമാകും. യുപി പ്രതിരോധ ഇടനാഴി രാജ്യത്തിന്റെ അഭിമാനമായി മാറും. വാജ് പേയ് സര്‍ക്കാര്‍ പൊഖ് റാനില്‍ ആണവ പരീഷണം നടത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇന്ത്യയുടെ സാങ്കേതികവിദ്യയുടെ ശക്തി തെളിയിച്ചിരുന്നു.
സൈനിക പദ്ധതികളെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് ഇന്നത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വളരെ വേഗത്തില്‍ മിസൈല്‍ കേന്ദ്രം യാഥാര്‍ഥ്യമാക്കിയ യുപി സര്‍ക്കാരിനെയും ശാസ്ത്രജ്ഞരെയും മന്ത്രി അഭിനന്ദിച്ചു.
പ്രതിരോധ മന്ത്രി ഉദ് ഘാടനം ചെയ്ത ബ്രഹ്‌മോസ് കേന്ദ്രത്തില്‍ ഒരു വര്‍ഷം 80 മുതല്‍ 100 മിസൈലുകള്‍ വരെ നിര്‍മിക്കാനാകും. ഇത് ഭാവിയില്‍, പ്രതിവര്‍ഷം 150 എന്ന നിലയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. ഡിആര്‍ഡിഒയും റഷ്യയും സംയുക്തമായാണ് ബ്രഹ്‌മോസ് മിസൈല്‍ വികസിപ്പിച്ചത്.
290 മുതല്‍ 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. 80 ഹെക്ടറിലാണ് മിസൈല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 300 കോടിരൂപയാണ് നിര്‍മാണ ചെലവ്. 2021ലാണ് കേന്ദ്രത്തിന് തറക്കല്ലിട്ടത്.