കൊല്‍ക്കത്ത ബലാത്സംഗ കൊലപാതക കേസ്; സഞ്ജയ് റോയിക്ക് ജീവപര്യന്തം

Update: 2025-01-20 09:29 GMT

കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ രാജ്യത്തെ നടുക്കി യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം .കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രതി കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി വിധിച്ചിരുന്നു.സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി.

അതേസമയം താന്‍ നിരപരാധിയാണെന്നും തന്നെ മനപ്പൂര്‍വം പ്രതിയാക്കുകയുമായിരുന്നുവെന്നുമാണ് സഞ്ജയ് റോയിയുടെ വാദം.2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറെ പ്രതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സെമിനാര്‍ ഹാളിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് തന്നെ പ്രതി സഞ്ജയ് റോയ്യെ കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 13ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം അന്വേഷണം പൊലീസില്‍ നിന്നും സിബിഐക്ക് കൈമാറി. തുടര്‍ന്ന് 25 അംഗ ടീമിനെ രൂപീകരിച്ച് സി.ബി.ഐ അന്വേഷണം നടത്തുകയായിരുന്നു.

Similar News