വ്യക്തമായ മറുപടിയില്ലാതെ അല്ലു അര്‍ജുന്‍; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങി

Update: 2024-12-24 10:50 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അല്ലു അര്‍ജുനെ ഹൈദരാബാദ് ചിക്കഡപ്പള്ളി പൊലീസ് ചോദ്യം ചെയ്തു. പൊലീസിന്റെ അനുമതി ഇല്ലാതിരുന്നിട്ടും എന്തിന് പരിപാടിക്കെത്തി എന്നതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് അല്ലു അര്‍ജുന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡി.സി.പി യും എ.സി.പിയും ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് അല്ലു അര്‍ജുനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തത്. ഇതിനിടെ അര്‍ജുന്റെ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റിലായി. തിയേറ്റര്‍ പരിസരത്ത് തിക്കും തിരക്കുമുണ്ടാവാന്‍ ഇയാളുടെ ഇടപെടലാണ് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ തിയേറ്റർ മാനേജ്മെന്റിലെ രണ്ടുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . 

കോണ്‍ഗ്രസ് എംഎല്‍എ ഭൂപതി റെഡ്ഡി അല്ലു അര്‍ജുനെതിരെ രംഗത്തെത്തി. താരത്തിന് കോണ്‍ഗ്രസ് ഹീറോ പരിവേഷം നല്‍കുന്നില്ല. അയാള്‍ തെലങ്കാനയില്‍ ബിസിനസ് ചെയ്യുന്ന നടന്‍ മാത്രമാണ്. പൊലീസ് അനുമതി ഇല്ലാത്ത പരിപാടിയില്‍ പങ്കെടുത്തുണ്ടാക്കിയ സംഭവത്തില്‍ അല്ലു അര്‍ജുന്‍ ഖേദം പ്രകടിപ്പിക്കണമെന്നും ഭൂപതി റെഡ്ഡി പറഞ്ഞു.

ഡിസംബര്‍ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ പുഷ്പ പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ട് രേവതി മരിച്ചത്. രേവതിയുടെ മകന്‍ ശ്രീതേജ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ശ്രീ തേജിന്റെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. 

Similar News