അഭിമാനിക്കുന്നു: വിക്രം മിശ്രിക്കും കുടുംബത്തിനും നേരെയുള്ള ട്രോളുകള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പിന്തുണയുമായെത്തിയത് നിരവധി പേര്‍
വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിശ്രിക്കും കുടുംബത്തിനുമെതിരെ നടത്തിയിരുന്നത്.;
ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ അറിയിക്കുന്നതിന് മുന്നില്‍നിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും കുടുംബത്തിനും എതിരെ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതോടെ സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്യേണ്ട അവസ്ഥയും മിശ്രിക്ക് ഉണ്ടായി. 1989 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ മിശ്രി പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ് റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച മിശ്രിയെ, ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം ശക്തമായി വിമര്‍ശിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാന്‍ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു അധിക്ഷേപം.
വഞ്ചകന്‍, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിശ്രിക്കും കുടുംബത്തിനുമെതിരെ നടത്തിയിരുന്നത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയില്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ വീടുകളിലേക്കു പുറപ്പെട്ടതാണ് കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍. എന്നാല്‍, ഷെല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കുംവരെ വീടുകളിലേക്കു മടങ്ങരുതെന്ന അറിയിപ്പു ലഭിച്ചതോടെ വീട്ടില്‍ പോകാന്‍ പറ്റാതെ വഴിയില്‍ കാത്തിരിക്കുകയാണ് ഇവര്‍. ഇതെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും കുടുംബത്തിനും പിന്തുണയുമായി രംഗത്തുവന്നു. സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണ് മിശ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
മിശ്രിയുടെ ബഹുമാനം സംരക്ഷിക്കാത്തതിന് സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് കേന്ദ്രത്തെ കുറ്റപ്പെടുത്തി രംഗത്തെത്തി. തീരുമാനം എടുത്തത് സര്‍ക്കാരാണെന്നും അദ്ദേഹം വെറും സന്ദേശവാഹകന്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അത് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ തീരുമാനമല്ലെന്നും,' അഖിലേ,് യാദവ് എക്‌സില്‍ കുറിച്ചു.
'ചില സാമൂഹിക വിരുദ്ധ ക്രിമിനല്‍ ഘടകങ്ങള്‍ ഉദ്യോഗസ്ഥനും കുടുംബത്തിനും എതിരെ അധിക്ഷേപകരമായ ഭാഷയില്‍ എല്ലാ പരിധികളും ലംഘിച്ചാണ് അക്രമം നടത്തുന്നത്. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കാന്‍ ബിജെപി സര്‍ക്കാരോ മന്ത്രിമാരോ മുന്നോട്ട് വരുന്നില്ല,' എന്നും യാദവ് കുറ്റപ്പെടുത്തി.
ഓണ്‍ലൈനിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളെ 'തികച്ചും ലജ്ജാകരം' എന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോന്‍ റാവു വിശേഷിപ്പിച്ചത്, അത് 'മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നു' എന്നും അവര്‍ പറഞ്ഞു.
'ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെയും കുടുംബത്തെയും പരിഹസിക്കുന്നത് തികച്ചും ലജ്ജാകരമാണ്. സമര്‍പ്പിത നയതന്ത്രജ്ഞനായ മിശ്രി ഇന്ത്യയെ പ്രൊഫഷണലിസത്തോടും ദൃഢനിശ്ചയത്തോടും കൂടി സേവിച്ചു, അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ഒരു അവകാശവുമില്ല.
മകളെ അപമാനിക്കുന്നതും പ്രിയപ്പെട്ടവരെ അധിക്ഷേപിക്കുന്നതുമെല്ലാം എല്ലാ മാന്യതയെയും ലംഘിക്കുന്നു. ഈ വിഷലിപ്തമായ വിദ്വേഷം അവസാനിപ്പിക്കണം - നമ്മുടെ നയതന്ത്രജ്ഞരെ തകര്‍ക്കരുത്' എന്നും അവര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
ഇരു രാജ്യങ്ങളെയും പൂര്‍ണ്ണ തോതില്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ച നാല് ദിവസത്തെ തീവ്രമായ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, കരയിലും വായുവിലും കടലിലും നടക്കുന്ന എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ ഇന്ത്യയും പാകിസ്ഥാനും ശനിയാഴ്ചയാണ് ധാരണയിലെത്തിയത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പുവെച്ചതായും അടുത്ത ചര്‍ച്ച മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്നും മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് 'മധ്യസ്ഥത വഹിച്ചതായുള്ള' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത സോഷ്യല്‍ മീഡിയ പോസ്റ്റിന് തൊട്ടുപിന്നാലെയാണ് മിശ്രി വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.