നടത്തിയത് ഇതിഹാസപോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിര്‍ത്തി കാത്തു എന്നും നരേന്ദ്രമോദി;

Update: 2025-05-13 11:31 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദംപൂരിലെ വ്യോമത്താവളത്തില്‍ എത്തിയാണ് മോദി സൈനികരെ അഭിസംബോധന ചെയ്തത്. സൈന്യം നടത്തിയത് ഇതിഹാസപോരാട്ടമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികന്റെയും ശപഥമാണെന്നും അറിയിച്ചു.

ശതകോടി ഇന്ത്യക്കാരെ തലയുയര്‍ത്തി നിര്‍ത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിര്‍ത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സൈനിക ചരിത്രത്തില്‍ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നീതി, നിയമം സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണില്‍ കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്നും മോദി പറഞ്ഞു.

പാക് ഡ്രോണുകള്‍, ആളില്ലാ ചെറുവിമാനങ്ങള്‍, മിസൈല്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ ഒന്നുമല്ലാതായി. ഭീകരതയ്ക്ക് എതിരായി ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണ്. ഇനി ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ ഉറപ്പായും മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ന്യൂ നോര്‍മലാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു. രാജ്യത്തിന് നേരെ ആക്രമണം നടത്താന്‍ തുനിഞ്ഞാല്‍ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്റെ മണ്ണില്‍ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേര്‍ന്ന് വധിച്ചു. പാക് സേനയെയും വിറപ്പിച്ചു. ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങള്‍ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാന്‍ കഴിയില്ല.

പാകിസ്ഥാനില്‍ 20-25 മിനിറ്റിനകം കൃത്യം കണിശതയോടെ പാകിസ്ഥാന്റെ ഉള്ളില്‍ ഒളിച്ചിരുന്ന ഭീകരരുടെ കേന്ദ്രം ആക്രമിച്ചു തകര്‍ത്തു. എന്നാല്‍ ഇതൊന്നും അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ പോലും കഴിഞ്ഞില്ല. തീവ്രവാദികളുടെ തലസ്ഥാനം ആക്രമിച്ച് തകര്‍ത്തു. പകരം അവര്‍ യാത്രാവിമാനങ്ങളെ മറയാക്കി പ്രത്യാക്രമണം നടത്തി. അതെത്ര വിഷമകരമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു. നിങ്ങള്‍ സിവിലിയന്‍ വിമാനങ്ങളെ ആക്രമിക്കാതെ, അവയ്ക്ക് നാശം വരുത്താതെ കൃത്യം പ്രത്യാക്രമണം നടത്തിയതില്‍ എനിക്ക് അഭിമാനമുണ്ട്. ഭീകരകേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനുള്ള തീരുമാനം നടപ്പാക്കിയ നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്.

ഇന്ത്യ മൂന്ന് തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

1. ഇനി ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇന്ത്യയുടെ രീതിയില്‍ ഇന്ത്യയുടെ സമയത്ത് തിരിച്ചടിച്ചിരിക്കും.

2. ആണവ ബ്ലാക്ക് മെയില്‍ വച്ച് പൊറുപ്പിക്കില്ല.

3. ഭീകരതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ഭീകര കേന്ദ്രങ്ങളെയും വേറിട്ട് കാണില്ല. ലോകത്തിന് ഈ നയം മനസ്സിലായിക്കഴിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിലെ ഓരോ നിമിഷവും നമ്മുടെ സൈനിക ക്ഷമത എടുത്തുകാട്ടുന്നതാണ്. നിങ്ങള്‍ക്ക് കോടി പ്രണാമം. ഏത് സേനയായാലും നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ഏകോപനവും മികച്ചതായിരുന്നു. എസ് 400 പോലെയുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ച ആകാശും വിജയകരമായി പ്രവര്‍ത്തിച്ചു. നമ്മുടെ മുന്‍നിരപ്രതിരോധ സംവിധാനത്തോട് മുട്ടി നില്‍ക്കാന്‍ പാകിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങള്‍ ടെക്‌നോളജിയും ടാക് റ്റിക്‌സും ഒരുമിച്ച് കൊണ്ട് പോയി എന്നും മോദി സൈന്യത്തെ അഭിനന്ദിച്ചു.

ഇനി പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനമോ സൈനികാക്രമണമോ നടത്തിയാല്‍ മുഖമടച്ച് മറുപടി നല്‍കും. ഇത് പറയാനുള്ള പിന്‍ബലം നിങ്ങളുടെ ധീരതയാണ്. നമ്മള്‍ തയ്യാറായിരിക്കണം, ശത്രുവിനെ ഓര്‍മിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്. ഇന്ത്യ സമാധാനത്തിന്റെ നാടാണ്. എന്നാല്‍ മനുഷ്യത്വത്തിന് നേരെ ആക്രമണമുണ്ടായാല്‍ ശത്രുവിനെ മണ്ണോട് ചേര്‍ക്കാനും മടിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യം വിളികളോട് കൂടിയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

Similar News