ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍; റഹിം യാര്‍ ഖാന്‍ എയര്‍ബേസിലെ റണ്‍വേ അടച്ചിടല്‍ ജൂണ്‍ 6 വരെ നീട്ടി പാകിസ്ഥാന്‍
വ്യോമാക്രമണത്തില്‍ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.;
ന്യൂഡല്‍ഹി: മെയ് 10 ന് നടന്ന ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ എയര്‍ബേസിലെ റണ്‍വേ അടച്ചിടല്‍ ജൂണ്‍ 6 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. മെയ് 18 ന് പുലര്‍ച്ചെ 4:59 (പാകിസ്ഥാന്‍ സമയം) വരെ റണ്‍വേ പ്രവര്‍ത്തനരഹിതമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (പിസിഎഎ) അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 6 ന് പുലര്‍ച്ചെ 4:59 വരെ റണ്‍വേ അടച്ചിടല്‍ നീട്ടിയതായാണ് വ്യക്തമാക്കുന്നത്. കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഈ മാസം ആദ്യം നടന്ന നാല് ദിവസത്തെ സൈനിക സംഘട്ടനത്തിനിടെ ഇന്ത്യ നടത്തിയ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ തീവ്രതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിലെ ആകെയുള്ള റണ്‍വേയാണ് ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്.
കഴിഞ്ഞ ആഴ്ച ഓപ്പറേഷനുശേഷം ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍, റണ്‍വേയില്‍ ആഴത്തിലുള്ള ഗര്‍ത്തവും ബേസിലെ ഒരു കെട്ടിടത്തിന് കാര്യമായ നാശനഷ്ടവും പ്രകടമായി കാണാമായിരുന്നു.
രാജസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് തെക്കന്‍ പഞ്ചാബില്‍ സ്ഥിതി ചെയ്യുന്ന റഹിം യാര്‍ ഖാന്‍, സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന് കീഴിലുള്ള പാകിസ്ഥാന്‍ വ്യോമസേനയുടെ ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസായും ഷെയ്ഖ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിവിലിയന്‍ വിമാനത്താവളമായും പ്രവര്‍ത്തിക്കുന്നു. വ്യോമാക്രമണത്തില്‍ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 3,000 മീറ്റര്‍ ആണ് വ്യോമതാവളത്തിലെ റണ്‍വേയുടെ നീളം.
മെയ് 10 ന് ഇന്ത്യ റഹിം യാര്‍ ഖാന്‍ വ്യോമതാവളവും മറ്റ് അഞ്ച് പ്രധാന പാകിസ്ഥാന്‍ സൈനിക സ്ഥാപനങ്ങളായ റഫീക്കി, മുരിദ്, ചക്ലാല, സുക്കൂര്‍, ജൂനിയ എന്നിവയും ലക്ഷ്യമിട്ടിരുന്നു.