എം ടിക്ക് പത്മവിഭൂഷൺ; നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുറത്തിനും പത്മഭൂഷൺ; ഐ എം വിജയന് പത്മശ്രീ
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ രണ്ട് തവണ മെഡലുകൾക്ക് അർഹമാക്കാൻ നിർണായക പങ്ക് വഹിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ ലഭിച്ചു. മുൻ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയും പത്മശ്രീ ബഹുമതിക്ക് അർഹരായി.
എം ടി വാസുദേവൻ നായരും മാരുതി സുസുകി മുൻ ചെയർമാൻ ഒസാമു സുസുകിയും ഉൾപ്പെടെ 7 പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. ധ്രുവുർ നാഗേശ്വർ റെഡ്ഡി (മെഡിസിൻ, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ (പബ്ലിക് അഫയേഴ്സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്മണ്യൻ (കല, കർണാടക), ശാർദ സിൻഹ (കല, ബിഹാർ) എന്നിവരാണ് പത്മവിഭൂഷൺ പുരസ്കാരം നേടിയത്.