പാകിസ്താന്‌ ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ; 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്.;

Update: 2025-05-07 03:55 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ മിസൈലാക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായും 55 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.

മുസാഫര്‍ ബാദ്, ബഹവല്‍പുര്‍, കോട് ലി, മുരിഡ് ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണ് വിവരം. ലഷ് കറെ ത്വയ് ബയുടെ ആസ്ഥാനമാണ് മുരിഡ് ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു.

1999-ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതല്‍ ബാവല്‍പൂര്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീര്‍ നിയമസഭാ ബോംബാക്രമണം, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളില്‍ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോള്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസര്‍ 2019 മുതല്‍ ഒളിവിലാണ്.

അതേസമയം, മുരിഡ് ക് ലാഹോറില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ അകലെയാണ്. 1990-കള്‍ മുതല്‍ ലഷ്‌കറെ ത്വയ് ബയുടെ താവളമാണ്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള എല്‍ഇടി ഇന്ത്യയിലെ നിരവധി ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ്, പ്രത്യേകിച്ച് 26/11 മുംബൈ ഭീകരാക്രമണത്തിന്. ഹൈദരാബാദ്, ബെംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഈ ഗ്രൂപ്പിന് ബന്ധമുണ്ട്.

പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ പത്തുമണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും.

അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്.

ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Similar News