രാജ്യത്ത് അതീവ ജാഗ്രത; 10 ഓളം വിമാനത്താവളങ്ങള്‍ അടച്ചു; കശ്മീരില്‍ സ്‌കൂളുകള്‍ക്ക് അവധി

ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്.;

Update: 2025-05-07 04:40 GMT

ന്യൂഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലുടനീളമുള്ള നിരവധി വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് അടച്ചുപൂട്ടല്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി.

ധര്‍മ്മശാല (ഹിമാചല്‍ പ്രദേശ്), ലേ, ജമ്മു, ശ്രീനഗര്‍ (ജമ്മു & കശ്മീര്‍), അമൃത്സര്‍ (പഞ്ചാബ്), ബിക്കാനീര്‍ (രാജസ്ഥാന്‍), ഡല്‍ഹി എന്‍സിആറിലെ ഹിന്‍ഡണ്‍ എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെ സ്ഥിരീകരിച്ചു.

പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ധര്‍മ്മശാല (DHM), ലേ (IXL), ജമ്മു (IXJ), ശ്രീനഗര്‍ (SXR), അമൃത്സര്‍ (ATQ) എന്നിവയുള്‍പ്പെടെയുള്ള വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലെ വിമാനത്താവളങ്ങള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നു. വിമാനങ്ങളുടെ പുറപ്പെടല്‍, വരവ്, തുടങ്ങിയവയെ ഇത് ബാധിച്ചേക്കാം. യാത്രക്കാര്‍ അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും ഫ് ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും നിര്‍ദ്ദേശിക്കുന്നു,' എന്ന് സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ബിക്കാനീറിലെ പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ ബാധിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ യാത്രക്കാരെ അറിയിച്ചു, 'നിലവിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ബിക്കാനീറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെയും ബാധിക്കുന്നു. വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.' എന്നാണ് ഇന്‍ഡിഗോ യാത്രക്കാരെ അറിയിച്ചത്.

'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മെയ് 7 ന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കി, അധികൃതരില്‍ നിന്നുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ്,' എന്നാണ് ടാറ്റ നടത്തുന്ന എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം.

അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിടുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.

'ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു,'എന്ന് എയര്‍ലൈന്‍ പറഞ്ഞു.

ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ ശ്രീനഗറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ആകാശ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എയര്‍ലൈന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുകയും ചെയ്യും,' - എന്ന് ഖത്തര്‍ എയര്‍വേയ്സ് ബുധനാഴ്ച പറഞ്ഞു.

സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകളും കോളേജുകളുമടക്കമുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

കശ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു. ഇതിനിടെ അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യ പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിലാമ് മിന്നല്‍ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായും 55 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.

മുസാഫര്‍ ബാദ്, ബഹവല്‍പുര്‍, കോട് ലി, മുരിഡ് ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണ് വിവരം. ലഷ് കറെ ത്വയ് ബയുടെ ആസ്ഥാനമാണ് മുരിഡ് ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു.

പാകിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ പത്തുമണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും.

ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Similar News