ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ ഉപയോഗിച്ചു; മത കേന്ദ്രങ്ങള്‍ ആക്രമിച്ച് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍

ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി;

Update: 2025-05-10 07:03 GMT

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയ്ക്കു നേരെ പാകിസ്ഥാന്‍ ഫത്ത മിസൈല്‍ ഉപയോഗിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയത്.

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതായും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീനഗര്‍ മുതല്‍ നലിയ വരെയുള്ള 26 സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തി. ഇവയെ ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഇവര്‍ അറിയിച്ചു.

പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈല്‍ ആക്രമണങ്ങളും പാകിസ്ഥാന്‍ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററിലും സ്‌കൂളിലും പാകിസ്ഥാന്‍ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണെന്നും സേന അറിയിച്ചു.

തിരിച്ചടിയെന്നോണം പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളില്‍ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക് ലാല, റഹീം യാര്‍ ഖാന്‍, സുകൂര്‍ എന്നിവിടങ്ങളില്‍ യുദ്ധവിമാനങ്ങളില്‍നിന്ന് എയര്‍ലോഞ്ച് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. പസ് രൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ റഡാര്‍ സ്റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.

ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണല്‍ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജമ്മു കശ്മീരിലും പഞ്ചാബിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതകേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിക്കുന്നുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആളില്ലാ ചെറു വിമാനങ്ങള്‍, സായുധ ഡ്രോണുകള്‍, ലോയിറ്ററിംഗ് മെഷിനുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ജനവാസമേഖലകളെയും സൈനികത്താവളങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ടിരുന്നു. പല തവണ വ്യോമാതിര്‍ത്തി ഭേദിച്ചെത്തിയായിരുന്നു ആക്രമണങ്ങള്‍. ശ്രീനഗര്‍ മുതല്‍ നല്യ വരെ 26 ഇടങ്ങളില്‍ വ്യാപക ആക്രമണങ്ങള്‍. ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട്, ഭുജ് എന്നിവയായിരുന്നു പാകിസ്ഥാന്റെ ഉന്നം. പഞ്ചാബിലെ പല വ്യോമത്താവളങ്ങള്‍ക്കും നേരെ പുലര്‍ച്ചെ 1.40-ന് ശേഷം മിസൈലാക്രമണമുണ്ടായി. ഇതിന് തിരിച്ചടി മാത്രമാണ് ഇന്ത്യ നല്‍കിയത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി പാകിസ്ഥാന്‍ തുടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദംപുരിലെ ഇന്ത്യയുടെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനവും സൂറത്ത് ഗഢിലെയും സിര്‍സയിലെയും എയര്‍ഫീല്‍ഡുകളും നഗ്രോട്ടയിലെ ബ്രഹ്‌മോസ് ബേസ്, ചണ്ഡീഗഡ് ഫോര്‍വേഡ് അമ്യൂണിഷന്‍ ഡിപ്പോ എന്നിവിടങ്ങള്‍ തകര്‍ത്തെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സേന പറഞ്ഞു.

ഇന്ത്യന്‍ ഊര്‍ജ ഇടനാഴിയും പവര്‍ ഗ്രിഡും നിര്‍വീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. ശ്രീ അമൃത്സര്‍ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനില്‍ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവര്‍ക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കുപ് വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ് നൂര്‍ സെക്ടറുകളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.

ഇതില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാനില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഘര്‍ഷം അടുത്തതലത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Similar News