'ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു'; മലയാളി യുവാവും പെണ്‍സുഹൃത്തും നാഗ് പൂരില്‍ അറസ്റ്റില്‍
അറസ്റ്റിലായത് ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീക്;
By : Online correspondent
Update: 2025-05-10 06:32 GMT
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് മലയാളി യുവാവിനെയും പെണ്‍സുഹൃത്തിനേയും നാഗ് പുരില്‍ നിന്നും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ് പുര്‍ പൊലീസ് ഹോട്ടലില്‍ നിന്നും പിടികൂടിയത്.
യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെ(22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണവും റിജാസിനെതിരെയുള്ള എഫ് ഐ ആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.