'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ല് അവതരിപ്പിച്ചു; എതിര്‍ത്ത് പ്രതിപക്ഷം
ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷ എതിര്‍പ്പ് നിലനില്‍ക്കെ ലോക്‌സഭയില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്.ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഭരണഘടനയുട അടിസ്ഥാന ഘടനയ്‌ക്കെതിരായ ആക്രമണമാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള നീക്കമാണ് ബില്ലിലൂടെ ബിജെപി നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി എം.പി ധര്‍മേന്ദ്ര യാദവ് ആരോപിച്ചു.
ബില്ല് പാസാവുകയാണെങ്കില്‍ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളില്‍ ഭേദഗതി ഉണ്ടാവും. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമസഭയില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും എന്നതടക്കമുള്ള ഭേദഗതികള്‍ ബില്ലിലുണ്ട്. 8 പേജുള്ള ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ അംഗബലത്തില്‍ സംഖ്യയില്‍ എന്‍.ഡി.എക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം വേണ്ടി വരും. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ പിന്തുണക്കില്ല. കോണ്‍ഗ്രസ് എം.പിമാര്‍ക്ക് വിപ്പ് നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസ് എം.പിമാരുടെ യോഗവും ഇന്ന് രാവിലെ ചേര്‍ന്നു. എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കി. ബില്‍ പാസാക്കണമെങ്കില്‍ സംസ്ഥാനങ്ങളുടെ പിന്തുണയും എന്‍.ഡി.എ സര്‍ക്കാറിന് ഉറപ്പാക്കേണ്ടതുണ്ട്. അതത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ബില്ല് പാസാക്കുന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്.