ആദായ നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം രൂപ വരെ നികുതിയില്ല; ബജറ്റില്‍ മധ്യവര്‍ഗത്തിന് കൈനിറയെ
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം പൂര്‍ത്തിയായി. ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന വാഗ്ദാനം. വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഒപ്പം വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.
രാജ്യത്ത് പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തിനു മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. ബില്ല് അടുത്താഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ നികുതി പരിഷ്‌കരണമുള്‍പ്പെടെ നികുതി ദായകര്‍ക്ക് അനുകൂലമാകുന്ന നടപടികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ 12 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 80,000 രൂപ ലാഭിക്കാനാവും. 18 ലക്ഷം ശമ്പളമുള്ളവര്‍ക്ക് 70,000 ലാഭിക്കാം. 25 ലക്ഷം രൂപ ശമ്പളമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപ പുതിയ പ്രഖ്യാപനത്തിലൂടെ ലാഭിക്കാനാവും. ആദായ നികുതി അടക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ ശിക്ഷാ നടപടി ഉണ്ടാവില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്.