ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് കാരണം അറിയിപ്പ് നല്‍കിയതിലെ ആശയക്കുഴപ്പം; പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന് കാരണം അറിയിപ്പ് നല്‍കിയതിലെ ആശയക്കുഴപ്പമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ട്രെയിനുകളിലെ പേരുകളിലെ സാമ്യം യാത്രക്കാരില്‍ ആശയക്കുഴപ്പത്തിന് കാരണമായെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഈ കണ്ടെത്തല്‍.
പ്രയാഗ് രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വന്‍ദുരന്തത്തിനിടയാക്കിയതെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിവരം. പ്രയാഗ് രാജ് എക്‌സ് പ്രസ്, പ്രയാഗ് രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പൊലീസ് പറയുന്നു.
പ്രയാഗ് രാജിലേക്ക് പോകേണ്ട മൂന്നു ട്രെയിനുകളും വൈകിയത് കാരണമാണ് റെയില്‍വേ സ്റ്റേഷനില്‍ ഇത്രയധികം ആളുകള്‍ തടിച്ചുകൂടാനിടയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രയാഗ് രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തെന്നും, ഓരോ മണിക്കൂറിലും 1,500ന് അടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാര്‍ പ്ലാറ്റ് ഫോം നമ്പര്‍ 14ല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ് ഫോം നമ്പര്‍ 13ലും ഉണ്ടായിരുന്നു.
എന്നാല്‍ ഈ ട്രെയിന്‍ വൈകുകയും അര്‍ധരാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. ഇതിന് പുറമെ കൂടുതല്‍ ടിക്കറ്റുകള്‍ കൂടി വിറ്റതോടെ പ്ലാറ്റ് ഫോം നമ്പര്‍ 14ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും ചെയ്തു. ആളുകള്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ പതിനാറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പ്രയാഗ് രാജ് സ്‌പെഷല്‍ ട്രെയിന്‍ എത്തുന്നുവെന്ന അനൗണ്‍സ്മെന്റ് വന്നു. ട്രെയിന്‍ അനൗണ്‍സ്മെന്റ് കേട്ടതും പ്ലാറ്റ് ഫോം നമ്പര്‍ 14ലെ യാത്രക്കാര്‍ ഒന്നടങ്കം തിരക്കിട്ട് മേല്‍പ്പാലത്തിലൂടെ 16ലേക്ക് ഓടി. പതിനാലില്‍ തങ്ങള്‍ കാത്തിരുന്ന പ്രയാഗ് രാജ് എക്‌സ്പ്രസ് ട്രെയിനാണ് ഇതെന്ന് കരുതി ഓടിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഓടുന്നതിനിടെ ഓവര്‍ബ്രിഡ് ജില്‍ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവര്‍ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു. സംഭവ സമയത്ത് പട്‌നയിലേക്ക് പോകുന്ന മഗധ് എക്‌സ്പ്രസ്, ജമ്മുവിലേക്കുള്ള ഉത്തര്‍ സമ്പര്‍ക്ക് ക്രാന്തി എന്നീ ട്രെയിനുകള്‍ അടുത്തടുത്ത പ്ലാറ്റ് ഫോമുകളിലുണ്ടായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ ഡല്‍ഹി പൊലീസ് ഉന്നതതല യോഗം ചേരുകയും ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി രണ്ടംഗ സമിതിയും അറിയിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.