ജൂലൈ ഒമ്പതിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകള്‍
സിപിഎം, സിപിഐ, സിപിഐഎംഎല്‍, ആര്.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്.;
ന്യൂഡല്‍ഹി: ജൂലൈ ഒമ്പതിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകള്‍. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉള്‍പ്പെട്ട സംയുക്തവേദിയാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. സിപിഎം, സിപിഐ, സിപിഐഎംഎല്‍, ആര്.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ അവകാശം കവരാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.
കോര്‍പ്പറേറ്റ് അജന്‍ഡയുടെ ഭാഗമായുള്ള പുതിയ തൊഴില്‍ ചട്ടം അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെപ്പോലും ഹനിക്കുന്നതാണെന്നും നിര്‍ണായകമായ ദേശീയ വിഭവങ്ങളെപ്പോലും കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുകയാണെന്നും ഇടതു സംഘടനകള്‍ ആരോപിച്ചു. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധിയായ ആവശ്യങ്ങളും മുന്നോട്ടുവെച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ഇടതു സംഘടനകള്‍ വ്യക്തമാക്കി.
കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും കര്‍ഷകതൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും പൊതുപണിമുടക്കിന് പിന്തുണയുമായി രംഗത്തുവരണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ പാര്‍ടികളുടെ എല്ലാ ഘടകങ്ങളും പണിമുടക്ക് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ജനങ്ങളെ രംഗത്തിറക്കുകയും ചെയ്യണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ എംഎല് ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്.എസ്.പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
'ഇപ്പോള്‍ മൂന്നാം ടേമിലുള്ള ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തൊഴില്‍ കോഡുകള്‍ ഒരു കേന്ദ്ര ഘടകമായ അതിന്റെ നവലിബറല്‍ അജണ്ട ആക്രമണാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നു. പ്രതിരോധം, ആശയവിനിമയം തുടങ്ങിയ തന്ത്രപരമായ മേഖലകളില്‍, സുപ്രധാന ദേശീയ വിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് അത് ആക്രമണാത്മകമായി നീങ്ങുകയാണ്. ഈ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ എല്ലാ എതിര്‍പ്പുകളും അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു,' എന്നും പ്രസ്താവനയില്‍ പറയുന്നു.
ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൊതുപണിമുടക്ക് ആവര്‍ത്തിക്കുന്നുവെന്നും ഇത് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആശങ്കകളെ പ്രതിഫലിപ്പിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.