ചെന്നൈ: നടന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. തമിഴ് നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസന് നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് ഡിഎംകെ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം മന്ത്രി ശേഖര്‍ ബാബു കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നിലവിലെ അംഗബലം അനുസരിച്ച് ഡിഎംകെയ്ക്ക് രാജ്യസഭയിലേക്ക് നാല് അംഗങ്ങളെ വരെ ജയിപ്പിച്ചെടുക്കാനാകും.
മക്കള്‍ നീതി മയ്യത്തില്‍ നിന്ന് കമല്‍ഹാസന്‍ മത്സരിച്ചാല്‍ മാത്രമേ സീറ്റ് നല്‍കൂ എന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരില്‍ മത്സരിക്കാന്‍ രംഗത്തിറങ്ങിയ കമലിനോട് പിന്മാറാന്‍ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും നിര്‍ദേശിച്ചിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.