കുടിശികയൊന്നും നല്‍കാനില്ല; കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല; ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ ജെ പി നഡ്ഡ

Update: 2025-03-11 09:37 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തോളമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ് കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് സമരം ആരംഭിച്ചത്. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സമരവുമായി മുന്നോട്ടുപോകുകയാണ് ആശമാര്‍. അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് തീരുമാനം.

232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തിനായുള്ള ജീവിത സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോള്‍ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ രാജ്യസഭയില്‍ ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശികയൊന്നും നല്‍കാനില്ലെന്ന് പറഞ്ഞ മന്ത്രി കേരളത്തിനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരള സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ വാക്കുകള്‍:

ആശാ പ്രവര്‍ത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളില്‍ അവര്‍ക്ക് പങ്കുണ്ട്. ഒരാഴ്ച മുന്‍പ് ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ല- എന്നും നഡ്ഡ പറഞ്ഞു.

എന്നാല്‍ നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടിസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ എംപി പ്രതികരിച്ചു. 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിന് നല്‍കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ദുരവസ്ഥയും സമരവും കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. സഭയ്ക്കു പുറത്തു പ്രതിഷേധിക്കുകയും ചെയ്തു. ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരത്തേ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരാണ് പ്രശ്നപരിഹാരം കാണേണ്ടതെന്നായിരുന്നു അന്നു നഡ്ഡയുടെ പ്രതികരണം.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നാണ് മന്ത്രി വീണാ ജോര്‍ജും സിപിഎമ്മും അവകാശപ്പെടുന്നത്. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപയും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ആരോഗ്യ മേഖലയില്‍ 24 മണിക്കൂറും 7 ദിവസവും ജോലി ചെയ്യുന്നവരാണ് ആശാ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ എംപി പ്രതികരിച്ചു. 'കേരളത്തിലെ ആരോഗ്യരംഗത്തെ പ്രധാനപ്പെട്ടവരാണ് ആശാ വര്‍ക്കര്‍മാര്‍. പ്രതിദിനം 233 രൂപയാണ് ലഭിക്കുന്നത്. അതുപോലും സ്ഥിരമായി കിട്ടുന്നില്ല. വിരമിക്കല്‍ ആനുകൂല്യങ്ങളില്ല. 30 ദിവസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. അതാണ് വിഷയം ഞങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്' - എന്നും വേണുഗോപാല്‍ പറഞ്ഞു.

Similar News