മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു
വൈദ്യ പരിശോധനയില്‍ കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.;
ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നല്‍കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈദ്യ പരിശോധനയില്‍ കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റെറ്റ് കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയും ബൈഡന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ നല്‍കുന്നുണ്ട്.
മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസണ്‍ സ്‌കോറില്‍ 10ല്‍ 9 ആണ് ബൈഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലാണെന്നാണ് ഇത് വിശദമാക്കുന്നത്.
കാന്‍സര്‍ കോശങ്ങള്‍ അതിവേഗം വ്യാപിക്കുന്നതായാണ് കാന്‍സര്‍ ഗവേഷണ കേന്ദ്രം വിശദമാക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുരുഷന്മാരില്‍ എറ്റവും സാധാരണമായി കാണുന്ന കാന്‍സര്‍ ബാധയില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ളത്. 100ല്‍ 13 പുരുഷന്മാര്‍ക്കും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ കാന്‍സര്‍ നേിടേണ്ടി വരുന്നതായാണ് അമേരിക്കയിലെ കണക്കുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാന്‍സര്‍ ബാധയെ സംബന്ധിച്ചുള്ള വിവരം പറത്ത് വരുന്നത്. ആരോഗ്യത്തേയും പ്രായത്തേയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ബൈഡന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം പൊതുജനമധ്യത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന ബൈഡന്‍ അടുത്തിടെ വീണ്ടും പൊതു പരിപാടികളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഏപ്രിലില്‍ ചിക്കാഗോയില്‍ ഭിന്നശേഷയുള്ളവര്‍ക്കായി നടന്ന 'അഡ്വക്കേറ്റ്‌സ്, കൗണ്‍സിലേഴ്സ് ആന്റ് റപ്രസെന്റിറ്റീവ്സ് ഫോര്‍ ദ ഡിസേബിള്‍ഡ്' എന്ന സമ്മേളനത്തില്‍ ബൈഡന്‍ മുഖ്യപ്രഭാഷകനായിരുന്നു.