ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ പൗരന്‍മാരുടെ ആദ്യ സംഘം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തിലെത്തി

ഇറാനിലെയും അര്‍മേനിയയിലെയും ഇന്ത്യന്‍ മിഷനുകള്‍ സംയുക്തമായാണ് യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്.;

Update: 2025-06-19 04:48 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരുടെ ആദ്യ സംഘം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2:55 ന് ഒരു പ്രത്യേക വിമാനത്തില്‍ യെരേവനില്‍ നിന്ന് പുറപ്പെട്ട സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്.

110 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘമാണ് സുരക്ഷിതരായി ജന്മനാട്ടില്‍ തിരിച്ചെത്തിയത്. 90 വിദ്യാര്‍ഥികളും ജമ്മു കശ്മീരില്‍ നിന്നുള്ളവരുമാണ് ആദ്യ സംഘത്തില്‍ ഉള്ളത്. ഇറാനിലെയും അര്‍മേനിയയിലെയും ഇന്ത്യന്‍ മിഷനുകള്‍ സംയുക്തമായാണ് യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

ഉന്നത ഉദ്യോഗസ്ഥരടക്കം വിദ്യാര്‍ഥികളെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇറാനില്‍ 13,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

ഡല്‍ഹി എയര്‍പോട്ടില്‍ ഇറങ്ങിയ സംഘം ഇന്ത്യന്‍ പതാക ഏന്തിയാണ് വിമാനത്തില്‍ നിന്നും ഇറങ്ങിയത്. തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് സംഘം സര്‍ക്കാരിന് നന്ദി അറിയിച്ചു. സമയബന്ധിതമായുള്ള ഒഴിപ്പിക്കല്‍ ശ്രമത്തിനാണ് ജമ്മു കശ്മീര്‍ വിദ്യാര്‍ഥി അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി പറഞ്ഞത്. മറ്റു വിദ്യാര്‍ഥികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാര്‍ഥി അസോസിയേഷന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കും. വിദ്യാര്‍ഥികള്‍ക്ക് പുറമെ തീര്‍ഥാടകര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഞായറാഴ്ച, ടെഹ് റാനിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ് ലൈന്‍ ആരംഭിച്ചിരുന്നു. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്ക് ടെഹ് റാന്‍ വിടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ടെഹ് റാനില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ 5 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് വിവരം. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ് റാനില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്.

ടെഹ് റാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബുധനാഴ്ചയാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ധു' ആരംഭിച്ചത്. ഇറാനുള്ളില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണളും സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഈ ഓപ്പറേഷന്‍. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, ഇറാനിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടപടികള്‍ നടപ്പിലാക്കിവരികയാണ്.

ജൂണ്‍ 15 ന് ഇറാനിലെ ഇന്ത്യന്‍ എംബസി എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും സമ്പര്‍ക്കം പുലര്‍ത്താനും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും അപ്ഡേറ്റുകള്‍ക്കായി എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരാനും അഭ്യര്‍ത്ഥിച്ചു.

അതേസമയം, ബുധനാഴ്ച തുടര്‍ച്ചയായ ആറാം ദിവസവും ഇസ്രായേലും ഇറാനും മിസൈല്‍ ആക്രമണം നടത്തി. 600-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇറാനാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത്. ആക്രമണത്തില്‍ മരണസംഖ്യ 585 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Similar News