ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ല; അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി
മെയ് 12ന് ഡിജിഎംഒ തലത്തില്‍ വീണ്ടും ചര്‍ച്ച;
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ വാര്‍ത്ത ശരിവച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വാര്‍ത്താ സമ്മേളനത്തിലാണ് വെടിനിര്‍ത്തല്‍ വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചത്. അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തീരുമാനിച്ചതെന്നും ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലിനായി ഇടപെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടതെന്നും തുടര്‍ന്ന് സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയതെന്നും മിസ്രി പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്നു പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു.
ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടര്‍ ചര്‍ച്ചയെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടര്‍ ചര്‍ച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിക്രം മിസ്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചാണ് കണ്ടത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എക്സില്‍ കുറിച്ച എസ് ജയ് ശങ്കര്‍, ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമാക്കി.