സ്‌കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്

ഹിന്ദി വിരുദ്ധവികാരം ശക്തിപ്പെടുമോയെന്ന ആശങ്കയില്‍ ബിജെപി നേതൃത്വം;

Update: 2025-04-20 07:15 GMT

മുംബൈ: സ്‌കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള മഹാരാഷ്ട്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ പ്രതിപക്ഷകക്ഷികള്‍ രംഗത്ത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദിവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തിപ്പെടുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

ഹിന്ദിയോടുള്ള എതിര്‍പ്പ് ഏറ്റവും ശക്തമായിട്ടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മഹാരാഷ്ട്രയിലെ വിദര്‍ഭയിലും മറാത്ത് വാഡയിലും ഹിന്ദി സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അതിനാല്‍ ഹിന്ദിയോടുള്ള വിരോധത്തെക്കാള്‍ മറാഠി സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എംഎന്‍എസ് പ്രസിഡന്റ് രാജ് താക്കറെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുവന്നു. മഹാരാഷ്ട്രയില്‍ ഈ നയം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് രാജ് താക്കറെ. നഗരത്തില്‍ പലയിടങ്ങളിലും പാര്‍ട്ടി ഇതിനകം തന്നെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്ന് ശരദ് പവാര്‍ വിഭാഗം എന്‍സിപിയും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഭാഷയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സുപ്രിയ സുലെ എംപിയും ആരോപിച്ചു. രാജ് താക്കറെയുടെ എംഎന്‍എസും കോണ്‍ഗ്രസും ത്രിഭാഷാ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.

ഇപ്പോള്‍ ത്രിഭാഷാപദ്ധതിയുടെ പേരില്‍ സംസ്ഥാനരാഷ്ട്രീയം വീണ്ടും ഭാഷാവികാരത്തിലേക്ക് മടങ്ങുന്ന സഹചര്യമാണ് മുന്നിലുള്ളത്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ 'മുംബൈക്ക് ഒരു ഭാഷയില്ല' മുംബൈയിലേക്ക് വരുന്ന ആളുകള്‍ മറാഠി പഠിക്കേണ്ടതില്ല' എന്നിങ്ങനെയുള്ള പരാമര്‍ശം അടുത്തിടെ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

1950കളുടെ മധ്യത്തിലാണ് ഇന്നത്തെ ഗുജറാത്തും വടക്കുപടിഞ്ഞാറന്‍ കര്‍ണാടകയുടെ ചിലഭാഗങ്ങളും ഉള്‍പ്പെട്ടിരുന്ന അന്നത്തെ ബോംബെ സംസ്ഥാനത്തിനുള്ളില്‍ മറാഠി സംസാരിക്കുന്നവര്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം പ്രക്ഷോഭം ആരംഭിച്ചത്. 1960-ല്‍ പ്രക്ഷോഭം ഫലംകണ്ടു.

പാര്‍ലമെന്റ് ബോംബെ പുനഃസംഘടനാ നിയമം പാസാക്കി. 1960 മേയ് ഒന്നിന് ഭാഷാടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍വന്നു. സംസ്ഥാനം രൂപവത്കരിച്ച് ആറുവര്‍ഷം പിന്നിട്ടപ്പോഴേക്കും ബാല്‍താക്കറെ ശിവസേന രൂപവത്കരിച്ച് ബാങ്ക് ജോലികളിലും ബിസിനസിലും ദക്ഷിണേന്ത്യക്കാരുടെയും ഗുജറാത്തികളുടെയും ആധിപത്യത്തെ ചോദ്യംചെയ്ത് രംഗത്തുവന്നു. ഭാഷയുടെ പേരിലുള്ള എതിര്‍പ്പില്‍ നിന്ന് പ്രാദേശിക വികാരത്തിലേക്ക് സംസ്ഥാന രാഷ്ട്രീയം അങ്ങനെ വഴിമാറിയിരുന്നു.

Similar News