പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യം; ഭീകരന്‍ ഹാഷിം മൂസ ജമ്മു കശ്മീരില്‍ ഒളിവില്‍ കഴിയുന്നതായി വിവരം; ഓപ്പറേഷന്‍ ആരംഭിച്ചു
ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു;
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത മൂന്ന് തീവ്രവാദികളെ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ - ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹഫീസ് സയീദും സൈഫുള്ള കസൂരിയും പാകിസ്ഥാനിലാണ്, മൂന്നാമനായ ഹാഷിം മൂസ ജമ്മു കശ്മീരില്‍ ഒളിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
ഹാഷിം മൂസയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികള്‍ ഊര്‍ജിത ശ്രമം നടത്തിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹാഷിം മൂസ തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും ഇയാളെ കണ്ടെത്താന്‍ സമഗ്രമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ഇയാള്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നല്‍കുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടികൂടാനാണ് സൈന്യത്തിന് നല്‍കിയ നിര്‍ദേശം. പരമാവധി ജീവനോടെ പിടിക്കാന്‍ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിര്‍ദേശം. അനന്തനാഗിലെ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇത് തന്നെയാണ്. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ കഴിയും. മുംബൈ ആക്രമണത്തില്‍ അജ്മല്‍ കസബ് പിടിയിലായതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.
പാക്കിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ പാരാ കമാന്‍ഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകരസംഘടനായ ലഷ്‌കറെ തയിബയില്‍ ചേര്‍ന്ന് നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി. 2023 ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഹാഷിം മൂസയും ഉള്‍പ്പെട്ടിരുന്നു. ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. കശ്മീരില്‍ നടന്ന ആറു ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഹാഷിം മൂസയെ കൂടാതെ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണ് ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇവരെയും കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പഹല്‍ഗാം ദുരന്തം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കി. പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള സിന്ധു ജല ഉടമ്പടിയും വിസ സേവനങ്ങളും ന്യൂഡല്‍ഹി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനോട് നിയന്ത്രണ രേഖയെ സാധൂകരിക്കുന്ന സിംല കരാര്‍ ഉള്‍പ്പെടെ എല്ലാ ഉഭയകക്ഷി കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇസ്ലാമാബാദ് പ്രതികരിച്ചത്.
അതിനിടെ ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് വിവരം കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഉടന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനകള്‍ക്കിടെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത തുടരുന്നു. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ശ്രീനഗര്‍, ഗന്ദര്‍ബാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രത. ഭീകരരെ നാട്ടുകാര്‍ കണ്ടെന്ന് പറയുന്ന അനന്ത് നാഗ് ജില്ലയില്‍ ഉള്‍പ്പെടെ തെരച്ചില്‍ തുടരുകയാണ്. 47 വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങള്‍ ഇന്നും അടച്ചിടും.