ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു
വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം;
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍(85) അന്തരിച്ചു. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനായിരുന്നു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതുവര്‍ഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്നു.
2003 ഓഗസ്റ്റ് 27ന് പദവിയില്‍ നിന്നും വിരമിച്ചു. ഐ.എസ്.ആര്‍. ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐ.ആര്‍.എസ്) ഉപഗ്രഹങ്ങളുടെ പ്രോജക്ട് ഡയറക്ടറായി.
1994 മാര്‍ച്ച് 31ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐ.ആര്‍.എസ് ഉപഗ്രഹ വിക്ഷേപണത്തിന് സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, സ്‌പേസ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കസ്തൂരി രംഗന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. നേരത്തേ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വലിയ എതിര്‍പ്പുണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കസ്തൂരിരംഗന്‍ ഈ ദൗത്യത്തിലെത്തിയത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ആദ്യ ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയത് പരിസ്ഥിതിശാസ്ത്ര പ്രൊഫസറായ മാധവ് ഗാഡ് ഗില്‍ ആയിരുന്നു.
കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള 5 സംസ്ഥാനങ്ങളിലെ മുഴുവന്‍ ആവാസവ്യവസ്ഥയും അതിന്റെ ആദിമശുദ്ധിയില്‍ സംരക്ഷിക്കണമെന്നാണ് ഗാഡ് ഗില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കിയാല്‍ വന്‍തോതില്‍ കൃഷി, വ്യവസായ ഒഴിപ്പിക്കലുകള്‍ വേണ്ടിവരുമെന്ന് ആശങ്ക ഉയര്‍ന്നു. കേരളമുള്‍പ്പടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിച്ചത്.
കൊച്ചിയിലായിരുന്നു കസ്തൂരിരംഗന്റെ ജനനം. ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണ സ്വാമിയുടേയും വിശാല ലക്ഷ്മിയുടേയും മകനായി 1940 ഒക്ടോബര്‍ 24 ന് ജനിച്ചു. ശാസ്ത്രപഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ താല്‍പര്യം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസുവരെ കേരളത്തില്‍ പഠിച്ചു. പിന്നീട് പിതാവിന്റെ ജോലി സ്ഥലമായ മുംബൈയിലേക്ക് മാറി.
ബോംബെ സര്‍വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. എക്‌സ്പിരിമെന്റല്‍ ഹൈ എനര്‍ജി അസ്‌ട്രോണമിയില്‍ ഡോക്ടറേറ്റ് നേടി. വിക്രം സാരാഭായി അഹമ്മദാബാദില്‍ സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്യവെയായിരുന്നു ഡോക്ടറേറ്റ് നേടിയത്.