26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു
റാണയ്ക്ക് കമാന്‍ഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍;

ന്യൂഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ(64) ഇന്ത്യയിലെത്തിച്ചു. മുംബൈയില്‍ നടന്ന 26/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് തഹാവൂര്‍ റാണയാണെന്നാണ് ആരോപണം. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തഹാവൂര്‍ ഹുസൈന്‍ റാണയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ ആണ് ഇന്ത്യയില്‍ എത്തിച്ചത്. പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്.
ഡല്‍ഹിയിലെത്തിയ റാണയെ തിഹാര്‍ ജയിലിലേക്ക് മാറ്റുമെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഐഎയും ഗവേഷണ വിശകലന വിഭാഗവും സംയുക്തമായാണ് റാണയെ യു എസില്‍ നിന്ന് തിരികെ കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
റാണയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയതിനു ശേഷം മുംബൈയിലേക്കു കൊണ്ടുപോകുമെന്നും എന്‍ഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്. റാണയ്ക്ക് കമാന്‍ഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ 12 ഉദ്യോഗസ്ഥരാണ് റാണയെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്യുക. റാണയ്‌ക്കെതിരെയുള്ള ദേശിയ അന്വേഷണ ഏജന്‍സിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നരേന്ദര്‍ മാനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെത്തുടര്‍ന്ന് എന്‍.ഐ.എയും ഗവേഷണ വിശകലന വിഭാഗവും അടങ്ങിയ സംഘം യുഎസിലേക്ക് പോയിരുന്നു.
തലസ്ഥാനത്തെ തിഹാര്‍ ജയിലിലെയും മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെയും ഉയര്‍ന്ന സുരക്ഷാ സെല്ലുകള്‍ റാണയെ പാര്‍പ്പിക്കാന്‍ ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനുള്ള കോടതി ഉത്തരവ് എന്‍.ഐ.എ അടുത്തിടെ നേടിയിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യാ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തി റാണയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കടല്‍ വഴി ബോട്ടിലെത്തിയ 10 ലഷ്‌കര്‍ ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, താജ് ഒബ് റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടു.
തഹാവുര്‍ റാണയ്ക്കെതിരായ കുറ്റങ്ങള്‍
പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ ബിസിനസുകാരനായ തഹാവുര്‍ റാണ, ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്ന ഭീകര സംഘടനയുടെ സജീവ പ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ അടുത്ത അനുയായിയാണ്.
ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദര്‍ശിക്കാന്‍ ഹെഡ്ലിക്ക് വിസ സംഘടിപ്പിച്ച് നല്‍കിയത് റാണയുടെ സ്ഥാപനമാണെന്ന് കണ്ടെത്തിയിരുന്നു. ഡേവിഡ് ഹെഡ് ലിയുടെ യാത്രാ രേഖകള്‍ സുഗമമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. മുംബൈ ഭീകരാക്രമണത്തിനിടെ ഡേവിഡ് ഹെഡ് ലി കൊല്ലപ്പെട്ടു. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 164 പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
2011 ഡിസംബറില്‍ തഹാവുര്‍ റാണയ്ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി അദ്ദേഹത്തിനും ഡേവിഡ് ഹെഡ് ലിക്കും മറ്റ് ആറ് പേര്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
കുറ്റപത്രത്തില്‍ 134 സാക്ഷികളുടെ മൊഴികളും 210 രേഖകളും 106 ഇമെയിലുകളും ഉള്‍പ്പെടുന്നു. 26/11 ആക്രമണത്തിന് മുമ്പ് ഡേവിഡ് ഹെഡ് ലിയും തഹാവൂര്‍ റാണയും നിരന്തരം ആശയവിനിമയം നടത്തിയിരുന്നുവെന്ന് എന്‍ഐഎ ആക്സസ് ചെയ്ത ഇമെയിലുകള്‍ വ്യക്തമാക്കുന്നു.