കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍; തമിഴ് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യൂ എന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നേരത്തെ തന്നെ ഉള്ളതാണ്. ഇതിനെതിരെ പലപ്പോഴും അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ് നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരുന്നു.
പോസ്റ്റ് ശ്രദ്ധയില്‍പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ പോലും പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കുമേല്‍ നിര്‍ബന്ധിതമായി ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയാണ് അമിത് ഷായെ ചൊടിപ്പിച്ചത്.
കേന്ദ്ര സായുധ പൊലീസ് സേനയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ വരെ തമിഴ് ഉള്‍പ്പെടെയുള്ള 13 പ്രാദേശിക ഭാഷകളില്‍ എഴുതാനുള്ള അംഗീകാരം 2023ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ തമിഴ് ഭാഷയ്ക്കായി പോരാടുന്നുവെന്ന് പറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി മെഡിക്കല്‍ -എന്‍ജിനീയറിങ് കോഴ്‌സുകള്‍ തമിഴ് ഭാഷയില്‍ ആരംഭിക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഡിഎംകെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.
മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് തമിഴ് ഭാഷയിലുള്ള പാഠ്യപദ്ധതി അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അമിത് ഷാ സ്റ്റാലിനോട് അഭ്യര്‍ഥിച്ചു.