ചണ്ഡിഗഢിലും കനത്തജാഗ്രത; എയര്‍ സൈറണ്‍ മുഴങ്ങി മുന്നറിയിപ്പ്; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി.;

Update: 2025-05-09 06:14 GMT

ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷത്തിന് പിന്നാലെ ചണ്ഡിഗഢിലും കനത്ത ജാഗ്രത. ചണ്ഡിഗഢില്‍ എയര്‍ സൈറണ്‍ മുഴങ്ങി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാക് സേനയുടെ ഭാഗത്ത് നിന്നുള്ള ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ചണ്ഡിഗഢ് ജില്ലാ കലക്ടര്‍ ഔദ്യോഗിക പേജ് വഴിയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശം.

ഛണ്ഡീഗഢില്‍ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും നേരത്തെതന്നെ അവധി നല്‍കിയിരുന്നു. ഉത്തരാഖണ്ഡിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

അമൃത്സറിലും ചണ്ഡീഗഡിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ജമ്മുവില്‍ സുരക്ഷ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒമര്‍ ഒബ്ദുള്ള ജമ്മുവിലെത്തിയിട്ടുണ്ട്.

അതിനിടെ ജമ്മുവില്‍ പുലര്‍ച്ചെയുണ്ടായ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പൂഞ്ചിലും രജൗരിയിലും അടക്കം നിയന്ത്രണരേഖയിലുടനീളം പുലര്‍ച്ചെയും കനത്ത ഷെല്ലിംഗ് നടന്നു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഉറിയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഉറിയിലും പൂഞ്ചിലുമായി 2 പേര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ജമ്മുവിലെ സര്‍വകലാശാലയ്ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നു. സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ റെയില്‍വേ സ്റ്റേഷനുടനീളം വിന്യസിച്ചതായി നെല്ലൂര്‍ റെയില്‍വേ ഡി.എസ്.പി മുരളീധരന്‍ പറഞ്ഞു. ഡോഗ് സ്‌കാഡും ബോംബ് സ്‌ക്വാഡും അടക്കമുള്ള ആറംഗ സംഘങ്ങളായി തിരിച്ചാണ് നിയോഗിച്ചിരിക്കുന്നത്. ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ്, ലോഡ് ജുകള്‍ അടക്കം പരിശോധിച്ചതായി ഡി.എസ്.പി പറഞ്ഞു.

സൈറണ്‍ മുന്നറിയിപ്പുകള്‍ :

നീണ്ട സൈറണ്‍ = മുന്നറിയിപ്പ്

ചെറിയ സൈറണ്‍ = സുരക്ഷിതം

മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍:

- അപകട സൈറണ്‍ മുഴങ്ങിയാല്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുക

- കര്‍ട്ടനുകളോ കാര്‍ഡ് ബോര്‍ഡോ ഉപയോഗിച്ച് ജനാലകള്‍ മൂടുക

* വീടുകളില്‍ തന്നെ സുരക്ഷിതരായി തുടരുക, ശാന്തത പാലിക്കുക

* അടിയന്തര-പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കി വെക്കുക (ടോര്‍ച്ച്, മരുന്നുകള്‍, ഭക്ഷണം, വെള്ളം)

* കുട്ടികള്‍, പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക

* റേഡിയോ/ടിവി/ഔദ്യോഗിക ചാനലുകളില്‍ നിന്ന് വിവരങ്ങള്‍ അറിയുക

Similar News