ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിച്ചേക്കും; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍

Update: 2025-03-16 11:05 GMT

ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.

മാര്‍ച്ച് 4-5 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് 'ആധാറുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണം' എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം വിളിച്ചത്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.

കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നരീതിയിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഇനി പരാതികള്‍ ഉയരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു.

ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് മുന്‍ഗണന നല്‍കുമോയെന്ന കാര്യം വ്യക്തമല്ല.

Similar News