അമിതവേഗതയിലും അശ്രദ്ധയിലും വാഹനമോടിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല; സുപ്രധാന വിധിയുമായി സുപ്രീം കോടതി

80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായാണ് കുടുംബം കോടതിയെ സമീപിച്ചത്;

Update: 2025-07-04 04:55 GMT

ന്യൂഡല്‍ഹി: അമിതവേഗതയിലും അശ്രദ്ധയിലും വാഹനമോടിച്ച് മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. 2014 ജൂണ്‍ 18ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബമാണ് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഈ ആവശ്യമാണ് കോടതി തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായി കാര്‍ ഓടിച്ച രവീഷ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞുവെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് മാരായ പി.എസ്. നരസിംഹയും ആര്‍. മഹാദേവനും അടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

അപകടത്തില്‍ രവിഷായ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രവിഷായുടെ ഭാര്യയും മകനും മാതാപിതാക്കളും അടങ്ങിയ കുടുംബമാണ് 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23 ന് ഇതുസംബന്ധിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തു. ഹൈക്കോടതി പുറപ്പെടുവിച്ച അപ്രസക്തമായ വിധിയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍, പ്രത്യേകാനുമതി ഹര്‍ജി തള്ളുന്നു എന്നുമാണ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്.

2014 ജൂണ്‍ 18-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍.എസ്. രവിഷ എന്നയാള്‍ മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അരസിക്കെരെ പട്ടണത്തിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് അപകടം നടന്നത്. രവിഷായുടെ പിതാവും സഹോദരിയും കുട്ടികളും കാറില്‍ ഒപ്പമുണ്ടായിരുന്നു.

'മരിച്ചയാളുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്വയം പീഡനത്തിന് ഇരയായതിനാല്‍, നിയമപരമായ അവകാശികള്‍ക്ക് മരണത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ല. അല്ലാത്തപക്ഷം അത് നിയമലംഘനം നടത്തിയ വ്യക്തി സ്വന്തം തെറ്റുകള്‍ക്ക് നഷ്ടപരിഹാരം നേടുന്നതിന് തുല്യമാകും' എന്നായിരുന്നു ഈ കേസിലെ ഹൈക്കോടതിയുടെ വിധി. തുടര്‍ന്നാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലിന് മുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ടയര്‍ പൊട്ടിത്തെറിച്ചാണ് വാഹനം മറിഞ്ഞതെന്നായിരുന്നു കുടുംബം ഉന്നയിച്ചിരുന്ന വാദം. എന്നാല്‍ രവിഷ അതിസാഹസികമായി വാഹനമോടിച്ചത് കൊണ്ടുണ്ടായ അപകടമാണെന്നായിരുന്നു പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനാപകട ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ തള്ളിയിരുന്നു. പിന്നീടാണ് കര്‍ണാടക ഹൈക്കോടതിയും ഹര്‍ജി തള്ളിയത്.

Similar News