അടുത്ത ഊഴം മമത; നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നും തൂത്തെറിയുമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മിയെ തൂത്തെറിഞ്ഞത് പോലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിയുമെന്ന മുന്നറിയിപ്പുമായി ബിജെപി. 27 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ ഡല്‍ഹിയുടെ ഭരണം ബിജെപിയുടെ കൈകളില്‍ എത്തിയത്. ആം ആദ്മിയിലെ പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും, ഇപ്പോഴത്തെ മുഖ്യമന്ത്രി അദിഷിയും, മനീഷ് സിസോദിയയുമെല്ലാം ഇതില്‍പെടും.
അതുപോലെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളില്‍നിന്നും തൂത്തെറിയുമെന്നാണ് ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്.
പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുകാന്ത മജുംദാര്‍ പറഞ്ഞു. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി അറിയിക്കുകയും ചെയ്തു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇക്കുറി ആംആദ്മി പാര്‍ട്ടിക്കായിരുന്നു. എന്നാല്‍ ഇത് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഡല്‍ഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളില്‍ ബിജെപി മികച്ച വിജയം നേടിയെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഡല്‍ഹിയെ ഇത്രയും കാലം ഭരിച്ചവര്‍ തലസ്ഥാനത്തെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഡല്‍ഹിയുടെ മഹത്വം തിരികെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
2020ലാണ് തൃണമൂല്‍ വിട്ട സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നന്ദിഗ്രാമില്‍ നിന്നായിരുന്നു സുവേന്ദുവിന്റെ വിജയം.