കൊലപാതകശ്രമക്കേസ്: ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ അറസ്റ്റില്‍

അറസ്റ്റിലായത് തായ്ലന്‍ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍;

Update: 2025-05-19 04:46 GMT

ധാക്ക: ദി മേക്കിംഗ് ഓഫ് എ നേഷന്‍ എന്ന ജീവചരിത്ര സിനിമയില്‍ ഷെയ്ഖ് ഹസീനയായി അഭിനയിച്ച പ്രശസ്ത ബംഗ്ലാദേശ് താരം നുസ്രത്ത് ഫാരിയ(31) അറസ്റ്റില്‍. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്ലന്‍ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് അറസ്റ്റിലായത്.

കൊലപാതകശ്രമവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് ഫാരിയയെ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റില്‍ തടങ്കലില്‍ വച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കൊലപാതകശ്രമക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 31 കാരിയായ നടിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ധാക്കയിലെ ബദ്ദ സോണിന്റെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഷഫീഖുല്‍ ഇസ്ലാം പ്രോതോം ആലോയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ അറസ്റ്റ് സ്ഥിരീകരിച്ചു.

തലസ്ഥാനമായ ധാക്കയിലെ വതാര പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഫാരിയ ഉള്‍പ്പെടെ 17 അഭിനേതാക്കള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി ആഴ്ചകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ക്കും ശേഷം ഹസീന ബംഗ്ലാദേശില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്.

2023-ല്‍ പുറത്തിറങ്ങിയ ജീവചരിത്ര ചിത്രമായ മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍ എന്ന ചിത്രത്തിലെ മുന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലൂടെയാണ് ഫാരിയ പ്രശസ്തയായത്. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സംരംഭമായിരുന്ന ഈ ചിത്രം, പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ശ്യാം ബെനഗല്‍ ആണ് സംവിധാനം ചെയ്തത്. രാജ്യത്തിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതവുമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടാന്‍ ശ്രമിച്ചത്.

ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായും കരിയര്‍ ആരംഭിച്ച നുസ്രത്ത് ഫാരിയക്ക് ഈ ചിത്രം ഏറെ പ്രശസ്തി നേടിക്കൊടുത്തു. 2015-ല്‍ ബംഗ്ലാദേശും ഇന്ത്യയും സംയുക്തമായി നിര്‍മ്മിച്ച റൊമാന്റിക് നാടകമായ ആഷിഖി: ട്രൂ ലവിലൂടെ ഫാരിയ തന്റെ ഫീച്ചര്‍ ഫിലിമിലേക്കുള്ള അരങ്ങേറ്റം കുറിച്ചു.

അതിനുശേഷം, ബംഗാളി ഭാഷാ, ഇന്ത്യന്‍, ബംഗ്ലാദേശി സിനിമകളില്‍ അഭിനയിച്ചു. ടിവി ഹോസ്റ്റിംഗ്, മോഡലിംഗ്, അഭിനയം എന്നിവയിലൂടെയാണ് താരം വളര്‍ച്ച ആരംഭിച്ചത്. അടുത്തിടെയാണ് താരത്തിനെതിരെ കൊലപാതക ശ്രമ ആരോപണം ഉയര്‍ന്നത്. വാര്‍ത്ത താരത്തിന്റെ ആരാധകരും സിനിമ മേഖലയും ഞെട്ടലോടെയാണ് കേട്ടത്.

Similar News