ഡല്‍ഹിയില്‍ ഇനി അതിഷി പ്രതിപക്ഷത്തെ നയിക്കും

Update: 2025-02-23 11:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രി അതിഷിയെ തിരഞ്ഞെടുത്തു.ബിജെപി മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കും ഒരു വനിതയെത്തുന്നത്. ഇതോടെ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയായി അതിഷി. തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രമുഖര്‍ തോറ്റപ്പോള്‍ കല്‍ക്കാജി മണ്ഡലത്തില്‍ വിജയം പിടിക്കാനായത് അതിഷിക്ക് മാത്രമാണ്.

ഞായറാഴ്ച ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളും അതിഷിയും ഉള്‍പ്പെടെ പാര്‍ട്ടിയുടെ 22 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു.

സഞ്ജീവ് ത്സാ എംഎല്‍എയാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. 'എന്നില്‍ വിശ്വാസമര്‍പ്പിച്ച ആംആദ്മിയുടെ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിനും പാര്‍ട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ ആംആദ് മി മാറും. ബിജെപി പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കപ്പെടാന്‍ ഞങ്ങള്‍ വഴിയൊരുക്കും'- എന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുപ്പെട്ടതിനുശേഷം അതിഷി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ എഎപി സര്‍ക്കാരിനെതിരായുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യ സമ്മേളനം വാദപ്രതിവാദങ്ങളില്‍ മുഖരിതമായേക്കും.

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖാ ഗുപ്ത വ്യാഴാഴ്ചയാണ് അധികാരമേറ്റത്.

Similar News