അമൃത്സറില്‍ വ്യാജമദ്യ ദുരന്തം; 15 മരണം, 10 പേര്‍ ഗുരുതരാവസ്ഥയില്‍; മരണ സംഖ്യ ഉയര്‍ന്നേക്കും
ഭംഗാലി കലാന്‍, തരൈവാള്‍, സംഘ, മാറാരി കലന്‍, പടല്‍പുരി, തല്‍വണ്ടി ഘുമാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും.;
അമൃത് സര്‍: പഞ്ചാബിലെ അമൃത് സറില്‍ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേര്‍ മരിച്ചു. പത്തു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴുയുകയാണെന്നും പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഭംഗാലി കലാന്‍, തരൈവാള്‍, സംഘ, മാറാരി കലന്‍, പടല്‍പുരി, തല്‍വണ്ടി ഘുമാന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും. ഗുരുതരാവസ്ഥയിലുള്ളവര്‍ അമൃത് സര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ്.
അമൃത് സര്‍ ജില്ലാ കലക്ടര്‍ സാക്ഷി സാഹ്നി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 'മരിച്ച എല്ലാവരും ഒരു കേന്ദ്രത്തില്‍ നിന്നാണ് മദ്യം വാങ്ങിയത്. മദ്യം കഴിച്ചപ്പോള്‍ തന്നെ ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തലകറക്കവും ഛര്‍ദിയും അടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരില്‍ ചിലര്‍ തിങ്കളാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരിച്ചു.
എന്നാല്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കാതെ അവരെ ദഹിപ്പിച്ചു. ചിലര്‍ വസ്തുത മറച്ചുവച്ച് ഹൃദയാഘാതം മൂലമാണ് മരണമെന്ന് പ്രചരിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്' - എന്ന് മജിത എസ്.എച്ച്.ഒ ആബ് താബ് സിങ് പറഞ്ഞു.
സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന മദ്യ വിതരണക്കാരായ പ്രഭ് ജിത് സിങ്, സാഹിബ് സിങ് എന്നിവരെ രാജസാന്‍സിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കുല്‍ബീര്‍ സിംഗ്, ഗുര്‍ജന്ത് സിംഗ്, നിന്ദര്‍ കൗര്‍ എന്നിവരും കേസിലെ പ്രതികളാണ്. വിതരണക്കാരില്‍ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിലേക്ക് വിതരണം ചെയ്ത മറ്റു നാല് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃത മദ്യം വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ പൊലീസ് മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. മദ്യത്തിന്റെ രാസഘടന സ്ഥിരീകരിക്കുക മാത്രമല്ല, വ്യാജ മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സുസംഘടിതമായ ഒരു ശൃംഖല പൊളിച്ചുമാറ്റുക എന്ന പ്രയാസകരമായ ദൗത്യമാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളത്. ആരോഗ്യ, എക് സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്, വിഷവസ്തു എങ്ങനെ മദ്യത്തില്‍ പ്രവേശിച്ചുവെന്ന് കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ദുരിതബാധിതരായ എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സ്ഥിരീകരിച്ചു. പൊലീസിനെ വിവരം അറിയിക്കാതെ വീടുകളില്‍ തന്നെ കിടന്ന് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താന്‍ വീടുതോറുമുള്ള സര്‍വേകള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉടന്‍ തന്നെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്.