ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ; 2 ദിവസം ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടും
മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങള്‍ നടക്കുക;
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രണ്ട് ദിവസം ആന്‍ഡമാനിലെ വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിര്‍ത്തി മൂന്ന് മണിക്കൂര്‍ വീതം അടച്ചിടുന്നത്.
അധികൃതര്‍ പുറപ്പെടുവിച്ച നോട്ടീസ് ടു എയര്‍മെന്‍ പ്രകാരം ഒരു സിവിലിയന്‍ വിമാനവും നിര്‍ദ്ദിഷ്ട വ്യോമാതിര്‍ത്തിയ്ക്കപ്പുറമുള്ള ഉയരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങള്‍ നടക്കുക. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകള്‍ അടച്ചിടുമെന്നും നോട്ടീസ് ടു എയര്‍മെനില്‍ പറയുന്നു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖല ഇന്ത്യ മുന്‍പും ഇതുപോലെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ സാല്‍വോ മോഡില്‍ ഇവിടെ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ആന്‍ഡമാനില്‍ ഒരു എയര്‍-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.