അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുമൂലം റദ്ദാക്കി; യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെട്ട നാലാമത്തെ സംഭവമാണിത്;
മുംബൈ: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുമൂലം റദ്ദാക്കി. കഴിഞ്ഞയാഴ്ച നടന്ന അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാന സര്‍വീസ് ആണ് ചൊവ്വാഴ്ച സാങ്കേതിക തകരാര്‍ മൂലം എയര്‍ ഇന്ത്യ റദ്ദാക്കിയത്.
എയര്‍ ഇന്ത്യയുടെ (AI159) വിമാനത്തിനാണ് സാങ്കേതിക തടസം നേരിട്ടത്. ലണ്ടനിലേക്കുള്ള വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10 ന് പറന്നുയരാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ റദ്ദാക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെട്ട നാലാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം മുബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസും റദ്ദാക്കിയിരുന്നു. ഇതിനുപുറമെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റാഞ്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഡെല്‍ഹിയിലേക്ക് തിരിച്ചുപറന്നിരുന്നു.
ഇന്ന് രാവിലെ, സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്റെ (AI-180) എഞ്ചിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കാര്‍ക്ക് ഇറങ്ങേണ്ടി വന്നിരുന്നു.
തിങ്കളാഴ്ച, ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ (AI-315) സംശയാസ്പദമായ സാങ്കേതിക തകരാര്‍ കാരണം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ തിരിച്ചെത്തി.
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞദിവസം എഐ-159 എന്ന കോഡില്‍ ദുരന്തത്തിനുശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ നടത്തിയിരുന്നു. ബോയിങ് 787-8 വിമാനമായിരുന്നു സര്‍വീസ് നടത്തിയത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നുവീണ സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് മരിച്ചത്. ഇതിന് പുറമെ വിമാനം ഇടിച്ചു കയറിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളും പ്രദേശവാസികളും മരണത്തിന് കീഴടങ്ങിയിരുന്നു.