വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തം ; യാത്രക്കാര്‍ 3 മണിക്കൂര്‍ മുമ്പ് തന്നെ എത്തണം

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.;

Update: 2025-05-09 04:07 GMT

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനമുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ത്രിതല സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. യാത്രക്കാരുടെ ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും.

എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. നിലവില്‍ പ്രവേശന സമയത്തും വിമാനത്താവളത്തില്‍ കടന്നതിനു ശേഷവുമുള്ള സുരക്ഷാ പരിശോധനകള്‍ക്കും (സെക്യൂരിറ്റി ചെക്) പുറമേ ആണ് 'സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (എസ്.എല്‍.പി.സി)' കൂടി ഏര്‍പ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചു.

ഇതു പ്രകാരം ബോര്‍ഡിങ് ഗേറ്റിനു സമീപം ഒരിക്കല്‍ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിന്‍ ബാഗും അടക്കം ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പരിശോധനയുടെ ഭാഗമായി വിമാനയാത്രികര്‍ 3 മണിക്കൂര്‍ മുന്‍പ് തന്നെ എത്തണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റ് വിമാനക്കമ്പനികളും സമാനമായ അഭ്യര്‍ഥന മുന്നോട്ടുവച്ചിട്ടുണ്ട്.

Similar News