ആന്ധ്രയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 20 അടി നീളമുള്ള മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി;

Update: 2025-04-30 05:05 GMT

വിശാഖപട്ടണം: ആന്ധ്രയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുതുതായി നിര്‍മിച്ച 20 അടി നീളമുള്ള മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 2:30 നും, 3:30നും ഇടയിലാണ് സംഭവം. ക്ഷേത്രത്തില്‍ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു.

ചന്ദനോത്സവത്തോട് അനുബന്ധിച്ചുള്ള നിജരൂപ ദര്‍ശനത്തിനായി ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള മതില്‍ ഇടിഞ്ഞു വീണാണ് അപകടമണ്ടായത്. 20 ദിവസം മുമ്പ് നിര്‍മിച്ച മതിലാണ് ഇടിഞ്ഞുവീണതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മരിച്ചവരില്‍ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു. മതില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

സ്ഥലത്ത് രാത്രി കനത്ത മഴ പെയ്തിരുന്നു. ഇതേതുടര്‍ന്ന് മണ്ണിടിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനവും അന്വേഷണവും തുടരുകയാണ്. സ്ഥലത്ത് അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്), അഗ്‌നിരക്ഷാ സേന, പൊലീസ് തുടങ്ങിയ സംഘങ്ങളും സംസ്ഥാന അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആന്ധ്രപ്രദേശ് ആഭ്യന്തരമന്ത്രി വി.അനിത വംഗലപുടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി.

ചന്ദനോത്സവം അഥവാ ചന്ദന യാത്ര എല്ലാവര്‍ഷവും ഏപ്രില്‍ 30 നാണ് ആഘോഷിക്കുന്നത്. ചന്ദനക്കുടം പൂശിയ നരസിംഹ ഭഗവാനെ ഭക്തര്‍ക്ക് കാണാന്‍ കഴിയുന്ന ഒരേയൊരു അവസരമാണിത്. അതുകൊണ്ടുതന്നെ ഉത്സവത്തിന് വന്‍ ഭക്തജന തിരക്കായിരിക്കും.

അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. മതില്‍ ഇടിഞ്ഞുവീണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

Similar News