കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സിപ് ലൈന്‍ ഓപ്പറേറ്ററും സംശയ നിഴലില്‍;
ജമ്മു കശ്മീര്‍: പഹല്‍ഗാമില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കശ്മീരിലുടനീളമുള്ള 87 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 48 എണ്ണവും അടച്ചുപൂട്ടി.
പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് താഴ് വരയിലെ ചില സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാക്കിയതായും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ), തദ്ദേശീയരല്ലാത്ത വ്യക്തികള്‍, സിഐഡി ഉദ്യോഗസ്ഥര്‍, കശ്മീരി പണ്ഡിറ്റുകള്‍ എന്നിവര്‍ക്കെതിരെ, പ്രത്യേകിച്ച് ശ്രീനഗര്‍, ഗന്ദര്‍ബാല്‍ ജില്ലകളിലെ ജനങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചന നല്‍കി.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത താഴ് വരയിലെ തീവ്രവാദികളുടെ വീടുകള്‍ നശിപ്പിച്ചതിന് പ്രതികാരമായി, വടക്കന്‍, മധ്യ, തെക്കന്‍ കശ് മീരുകളില്‍ സജീവമായ തീവ്രവാദികള്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ ദുര്‍ബലതയും താഴ് വരയിലെ തദ്ദേശീയരല്ലാത്ത റെയില്‍വേ ജീവനക്കാരുടെ ഗണ്യമായ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, റെയില്‍വേയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ നിയുക്ത ക്യാമ്പുകള്‍ക്കും ബാരക്കുകള്‍ക്കും പുറത്തേക്ക് നീങ്ങുന്നത് ഒഴിവാക്കണമെന്നും ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആക്രമണങ്ങളെ ചെറുക്കാനായി ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ആന്റി-ഫിദായീന്‍ സ്‌ക്വാഡുകളെ സെന്‍സിറ്റീവ് ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് സുരക്ഷാ സേന വിന്യസിച്ചിട്ടുണ്ട്. ഇതില്‍ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ദാല്‍ ലേക്ക് പ്രദേശങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. സ്ഥലത്ത് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദൂഷ്പത്രി, കൊക്കര്‍നാഗ്, ദുക്‌സം, സിന്താന്‍ ടോപ്പ്, അച്ചബാല്‍, ബംഗസ് വാലി, മാര്‍ഗന്‍ ടോപ്പ്, തോസമൈദാന്‍, അസ്തന്‍പോറ, കൗസര്‍നാഗ്, ദൂദ് പത്രി, റിങ്കവാലി തങ് മാര്‍ഗ്, ഹബ്ബ ഖാറ്റൂണ്‍ പോയിന്റ്, കാവ്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 22 ന്, കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ താഴ് വരയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു കൂട്ടം ഭീകരര്‍ വെടിയുതിര്‍ക്കുകയും 26 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കൂടുതലും വിനോദസഞ്ചാരികളാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാനത്തുടനീളം വന്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനം ആരംഭിച്ചു. ഏകോപിത റെയ്ഡുകള്‍ നടത്തി, നൂറുകണക്കിന് ഭീകരരെയും ഭീകര അനുഭാവികളെയും കസ്റ്റഡിയിലെടുത്തു, പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. ഇതില്‍ ഒരു പ്രാദേശിക തീവ്രവാദിയും ഉള്‍പ്പെടുന്നു. നടപടികളുടെ ഭാഗമായി താഴ് വരയിലെ തീവ്രവാദികളുടെ നിരവധി വീടുകള്‍ അധികൃതര്‍ നശിപ്പിച്ചു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ സിപ് ലൈന്‍ ഓപ്പറേറ്റര്‍ക്കും പങ്കെന്ന് സൂചന പുറത്തുവന്നു. ദൃക്‌സാക്ഷി ഋഷി ഭട്ട് ദേശീയ മാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് സിപ് ലൈന്‍ ഓപ്പറേറ്റര്‍ സംശയ നിഴലിലായത്. ഇതിന് പിന്നാലെ ബൈസരണ്‍ വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍മാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.