ഒരു രാത്രി ജയിലിൽ: ഒടുവിൽ പുറത്തേക്ക്; അല്ലു അർജുന് ഇടക്കാല ജാമ്യം
ഹൈദരാബാദ്: ചഞ്ചൽഗുഡ സെൻട്രൽ ജയിലിലെ ഒരു രാത്രി ജയിൽ വാസത്തിന് ശേഷം തെലുഗ് നടൻ അല്ലു അർജുൻ ജയിലിന് പുറത്തേക്ക്. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവ് കിട്ടാത്തതിനാൽ വെള്ളിയാഴ്ച്ച രാത്രി ജയിലിൽ തന്നെ കഴിയുകയായിരുന്നു . 50000 രൂപയുടെ ബോണ്ടിലാണ് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച്ചയാണ് അർജുനെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡിസംബർ നാലിന് ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ കൂടി എത്തിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 വയസ്സുകാരി മരിച്ചതാണ് കേസിനാസ്പദമായ സംഭവം.
. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്ത്രീയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തിയേറ്റർ മാനേജ്മെന്റിനെതിരെയും നടനെതിരെയും നടൻ്റെ സുരക്ഷാ ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 105, 118 (1) പ്രകാരമെടുത്ത കേസിൽ തിയേറ്റർ ഉടമകളിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് അറിയിച്ച് മരിച്ച യുവതിയുടെ ഭർത്താവും രംഗത്തെത്തി.