പൊലീസുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തി സ്റ്റേഷന് സമീപത്തെ ദ്രവിച്ച വാട്ടര്‍ ടാങ്ക്

30 വര്‍ഷം മുമ്പ് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് കുമ്പള പഞ്ചായത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത്‌;

Update: 2025-07-28 06:59 GMT

കുമ്പള: പൊലീസുകാരുടെ ജീവന് ഭീഷണിയായി സ്റ്റേഷന്‍ മുറ്റത്ത് കുമ്പള പഞ്ചായത്ത് നിര്‍മ്മിച്ച ദ്രവിച്ച വാട്ടര്‍ ടാങ്ക്. മുപ്പത് വര്‍ഷം മുമ്പ് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനകത്ത് കുമ്പള പഞ്ചായത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത്. പിന്നീട് ഇതിന്റെ സ്ലാബ് തകര്‍ന്ന് വീഴാനും ചോര്‍ച്ച തുടങ്ങുകയും ചെയ്തതോടെ 11 വര്‍ഷം മുമ്പ് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തി.

ഇതിന് പകരം മറ്റൊരു ടാങ്ക് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിര്‍മ്മിച്ചതോടെ പഴയ ടാങ്ക് നോക്കുകുത്തിയായി മാറി. ടാങ്കിന്റെ സ്ലാബുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അടര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു. ടാങ്കിന്റെ പല ഭാഗത്തും കമ്പികള്‍ ദ്രവിച്ചു തകര്‍ന്നു വീഴുന്നുണ്ട്. അതുപോലെ തന്നെ തൂണുകളുടെ അടി ഭാഗത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ട് പരിശോധന ഓഫീസും പൊലീസിന്റെ ഫോറന്‍സിക് പരിശോധനാകേന്ദ്രവും പ്രവര്‍ത്തിക്കുന്നത് ദ്രവിച്ച ടാങ്കിന് സമീപമാണ്.

കേസില്‍പ്പെട്ട പല വാഹനങ്ങളും പൊലീസ് ജീപ്പ് അടക്കം ടാങ്കിന് സമീപത്താണ് നിര്‍ത്തിയിടുന്നത്. വില്ലേജ് ഓഫീസ്, കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍, മൃഗാസ്പത്രി, ഒരു സ്വകാര്യ കോളേജ്, കൃഷി ഭവന്‍, പൊലീസ് സ്റ്റേഷന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാരും വിദ്യാര്‍ത്ഥികളും വാഹനങ്ങളും ടാങ്കിന് തൊട്ടുള്ള റോഡിനടിയില്‍ കൂടിയാണ് പോകുന്നത്. ടാങ്ക് ഏത് നിമിഷവും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Similar News