കുമ്പള: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സംഭവിച്ച തോല്‍വിയുടെ ഉറവിടം തേടുന്നു. മാട്ടംകുഴി, ശാന്തിപ്പള്ളം, കളത്തൂര്‍, കുമ്പള ടൗണ്‍(ഇപ്പോള്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ്) വാര്‍ഡുകളാണ് ബി.ജെപിക്ക് കൈവിട്ടുപോയത്. ഈ വാര്‍ഡുകളുടെ ഒരു ഭാഗം വേര്‍പ്പെടുത്തിയതോടെയാണ് ബി.ജെ.പിക്ക് വോട്ടുകള്‍ കുറഞ്ഞത്. 25 വര്‍ഷത്തോളം ബി.ജെ.പി ഭരിച്ചിരുന്ന മാട്ടംകുഴി വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി 19 വോട്ടിനാണ് വിജയം കരസ്ഥമാക്കിയത്. 20 വര്‍ഷം ബി.ജെ.പിയുടെ കൈയില്‍ ഒതുങ്ങിയ ശാന്തിപ്പള്ളം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 118 വോട്ടിനാണ് വിജയിച്ചത്. റെയില്‍വെ സ്റ്റേഷന്‍ വാര്‍ഡ് 15 വര്‍ഷം ബി.ജെ.പിയാണ് ഭരിച്ചിരുന്നത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 200ല്‍ പരം വോട്ടുകള്‍ക്കാണ് ബി.ജെ.പിയെ തറപറ്റിച്ചത്. കഴിഞ്ഞ വര്‍ഷം ബിജെ.പിയുടെ കയ്യിലായിരുന്ന കളത്തൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി 200 വോട്ടുകള്‍ക്കാണ് വിജയം ഉറപ്പിച്ചത്. കുമ്പള അനന്തപുരം വാര്‍ഡ് 25 വര്‍ഷക്കാലം ബി.ജെ.പിയാണ് ഭരിച്ചിരുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി 113 വോട്ടിനാണ് വിജയിച്ചത്. വാര്‍ഡുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയിട്ടും തോല്‍വി എങ്ങനെ സംഭവിച്ചുവെന്നാണ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. ആരിക്കാടി കുമ്പോല്‍ വാര്‍ഡില്‍ വിജയിച്ച എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. തൊട്ടടുത്ത പുത്തിഗെ പഞ്ചായത്തിലെ 11-ാം വാര്‍ഡായ അനന്തപുരം ബി.ജെ.പി 25 വര്‍ഷക്കാലം കയ്യിലൊതുക്കിയ വാര്‍ഡാണ്. വികസനം മുരടിച്ചപ്പോള്‍ നാട്ടുകാര്‍ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥിയെ ഗോദയിലിറക്കി 113 വോട്ടിന് വിജയിപ്പിക്കുകയായിരുന്നു.
അനന്തപുരത്തെ ഫലം പുറത്ത് വന്നപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും മലക്കം മറിഞ്ഞിരിക്കുകയാണ്. പരാജയത്തിന്റെ കാരണം അറിയാന്‍ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഉടനെ വിളിക്കുമെന്നാണ് അറിയുന്നത്.