കുമ്പളയിലെ ഷാനിബിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

Update: 2025-12-08 09:35 GMT

കുമ്പള: കുമ്പള നിത്യാനന്ദമഠത്തിന് സമീപത്തെ പരേതനായ മൊയ്തുവിന്റെയും നൂര്‍ജഹാന്റെയും മകന്‍ ഷാനിബ് എന്ന ഷാനു(21) മരണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഷാനിബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയ കെട്ടിടത്തിലും പരിശോധന നടത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ കൂട്ടുകാരോടൊപ്പം സംസാരിച്ച് വീട്ടിലെത്തിയതായിരുന്നു ഷാനിബ്. പുലര്‍ച്ചെ ഒരു മണിയോടെ മാതാവ് നോക്കിയപ്പോഴാണ് ഷാനിബിനെ മുറിക്കകത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ നാട്ടുകാര്‍ കുമ്പള പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി കുമ്പള ജില്ല സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷാനിബിന് നല്ലൊരു സുഹൃദ് ബന്ധം ഉണ്ടായിരുന്നു. പലര്‍ക്കും സഹായത്തിന് ഓടിയെത്തുന്ന ഒരു വ്യക്തി കൂടിയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വരെ കുമ്പള റെയില്‍വെ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. യുവാവ് പെട്ടെന്ന് തൂങ്ങി മരിക്കാനുണ്ടായ കാരണം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായാണ് ഷാനിബ് ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധനക്ക് വേണ്ടി കസ്റ്റഡിയിലെടുത്തത്. ഷാനിബും ചില സുഹൃത്തുക്കളും കുമ്പള റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു പഴയ കെട്ടിടത്തിന് സമീപത്ത് രാത്രി ഒത്ത് ചേരാറുണ്ട്. പൊലീസ് ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിലും പരിസരത്തും പരിശോധന നടത്തി. മയ്യത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുമ്പള ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News