പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളില്‍ റീല്‍സ് പ്രചരിപ്പിച്ചു; 9 പേര്‍ക്കെതിരെ കേസ്
കുമ്പള എസ്.ഐ. ശ്രീജേഷിന്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്;
കുമ്പള: പ്രശ്നം പരിഹരിക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കള്‍ പൊലീസിനെ വെല്ലുവിളിച്ചും സിനിമയിലെ സംഭാഷണം ഉള്‍പ്പെടുത്തിയും സമൂഹമാധ്യമങ്ങളില്‍ റീല്‍സ് പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
സിദ്ദീഖ്, സുഹൈബ്, റൗഫ്, മുസബില്‍, ഫായിസ്, മൊയ്തിന്‍ കുഞ്ഞി, നിയാസ്, ജുനൈദ്, മഷൂഖ് എന്നിവര്‍ക്കെതിരെയാണ് കുമ്പള എസ്.ഐ. ശ്രീജേഷിന്റെ പരാതിയില്‍ സ്വമേധയാ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുമ്പള ഓട്ടോ സ്റ്റാന്റില്‍ കാര്‍ കയറ്റി വെച്ചതിന് ചില ഓട്ടോ ഡ്രൈവര്‍മാര്‍ കാര്‍ യാത്രക്കാരുമായി തര്‍ക്കിച്ചിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
കാര്‍ യാത്രക്കാരെയും ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനേയും ഓട്ടോ ഡ്രൈവര്‍മാരെയും സ്റ്റേഷനിലെത്തിച്ചാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചിലര്‍ സ്റ്റേഷന് പുറത്ത് വെച്ച് പൊലീസിനെ വെല്ലു വിളിക്കുന്നതും രണ്ട് തവണ സ്റ്റേഷനില്‍ കയറിയിറങ്ങിയാല്‍ പേടി പോകുമെന്ന മോഹന്‍ലാല്‍ പറയുന്ന സംഭാഷണവും ഉള്‍പ്പെടുത്തി വ്യാപകമായി റീല്‍സ് പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.