സ്‌കൂളിന് സമീപത്തെ റോഡില്‍ അപകടാവസ്ഥയിലായിരുന്ന രണ്ട് മരങ്ങള്‍ പഞ്ചായത്ത് മുറിച്ചുമാറ്റി
നിരവധി വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും പോകുന്ന പ്രധാന റോഡ് കൂടിയാണിത്;
കുമ്പള: സ്‌കൂളിന് സമീപം റോഡില്‍ അപകടാവസ്ഥയിലായ രണ്ട് മരങ്ങള്‍ കുമ്പള പഞ്ചായത്ത് മുറിച്ച് മാറ്റി. കുമ്പള മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള രണ്ട് മരങ്ങളാണ് മുറിച്ച് മാറ്റിയത്. നിരവധി വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും പോകുന്ന പ്രധാന റോഡ് കൂടിയാണിത്.
വര്‍ഷങ്ങളോളമായി മരങ്ങള്‍ ഏത് നിമിഷവും കട പുഴകി വീഴാവുന്ന അവസ്ഥയിലായിരുന്നു. മരങ്ങള്‍ക്ക് താഴെ വൈദ്യുതി കമ്പികള്‍ കടന്നു പോകുന്നുണ്ട്. നാട്ടുകാര്‍ മരം മുറിക്കണമെന്ന ആവശ്യവുമായി അധികൃതരെ നിരന്തരം സമീപിക്കുന്നുമുണ്ട്. ഒടുവില്‍ അധികൃതര്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. നിരന്തരമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയിശ താഹിറ പറഞ്ഞു.