ടിപ്പറില്‍ നിന്ന് മണ്ണ് വീണു; കുമ്പള ടൗണ്‍ ചെളിമയം; ബൈക്കുകള്‍ തെന്നി വീണു
കുമ്പള: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കടത്തിയ മണ്ണ് വീണ് കുമ്പള ടൗണ്‍ ചെളിമയമായി. വെള്ളിയാഴ്ച രാത്രിയാണ് കുമ്പള ടൗണിനെ ചെളിമയക്കിയ സംഭവം അരങ്ങേറിയത്. കുമ്പള ടൗണിനടത്ത് തന്നെയുള്ള പറമ്പില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ മണ്ണ് കടത്തുകയായിരുന്നു. അമിതവേഗതിയില്‍ പോകവെ ടിപ്പറില്‍ നിന്ന് മണ്ണ് പലയിടങ്ങളിലായി വീണു. ശനിയാഴ്ച പുലര്‍ച്ചെ മഴ കൂടി പെയ്തതോടെ മുഴുവന്‍ ചെളിമയമായി. വാഹനങ്ങള്‍ കടന്നുപോയതോടെ മറ്റ് വാഹനങ്ങളിലേക്കും പരിസരത്തെ കടകളുടെ ചുമരുകളിലേക്കും കാല്‍നാടയാത്രക്കാരിലേക്കും ചെളി തെറിച്ചു.
പുലര്‍ച്ചെ ഇതുവഴി റോഡില്‍ ചെളി കാണാതെ വന്ന ബൈക്കുകള്‍ പലതും തെന്നിവീണു. കാല്‍നടയാത്രക്കാരും നടക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ്. ശാന്തിപ്പള്ളം വരെ ചെളി റോഡില്‍ പരന്നുകിടക്കുകയാണ്. സംഭവത്തില്‍ കച്ചവടക്കാരും പ്രതിഷേധത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കളുടെ കാലില്‍ നിറയെ ചെളിയായത് കച്ചവടക്കാര്‍ക്കും തിരിച്ചടിയായി. സംഭവം ചര്‍ച്ചയായതോടെ നടപടിക്കൊരുങ്ങുകയാണ് കുമ്പള പൊലീസ്.