കുമ്പളയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; കോഴികളെയും ആടുകളെയും അക്രമിച്ച് കൊല്ലുന്നു

സ്‌കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളെയടക്കം അക്രമിക്കുന്നതും പതിവാണ്;

Update: 2025-06-13 05:26 GMT

കുമ്പള: നഗരത്തിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നു. കോഴികളെയും ആടുകളെയും നായ്ക്കള്‍ അക്രമിച്ചു കൊല്ലുന്നു. കുമ്പളയുടെ ഉള്‍പ്രദേശങ്ങളിലെ പോക്കറ്റ് റോഡുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാണ്. ചത്ത കോഴികളെയും അപകടങ്ങളില്‍പ്പെട്ട് ചത്ത കന്നുകാലികളെയും വലിച്ചെറിയുന്നവരുണ്ട്. ചിലര്‍ സര്‍ക്കാര്‍ സ്ഥലത്ത് ചെറിയ കുഴികള്‍ മാന്തി ചത്ത മൃഗങ്ങളെ ഇട്ട് ശരിയായ രീതിയില്‍ മൂടുന്നില്ല.

വലിച്ചെറിയുന്ന മാലിന്യങ്ങളും ചത്ത കന്നുകാലികളെയും തെരുവ് നായ്ക്കള്‍ ഭക്ഷിക്കുന്നതും ഈ ഭാഗത്ത് നടന്നു പോകുന്ന സ്‌കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളെയടക്കം അക്രമിക്കുന്നതും പതിവാണ്. ഭക്ഷണം കിട്ടാതെ വരുമ്പോള്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും മറ്റു മൃഗങ്ങളെയും അക്രമിച്ച് കൊന്നു തിന്നുന്നതും പതിവാണ്.

പലരെയും കടിച്ച് പരിക്കേല്‍പ്പിച്ചുണ്ട്. വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ്ക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ട്രഷറര്‍ നൗഷാദ് കുമ്പള, കുമ്പള പഞ്ചായത്തില്‍ നിവേദനം നല്‍കി.

Similar News