കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സ്ഥലം മാറ്റിയത് വിവാദമാകുന്നു

9 മാസം മുമ്പാണ് കാസര്‍കോട് സ്വദേശിയായ കെ.പി.വിനോദ് കുമാര്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായി ചുമതലയേറ്റത്;

Update: 2025-06-06 06:18 GMT

കുമ്പള: മയക്കുമരുന്ന്-മണല്‍ മാഫിയകള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുന്ന കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത് വിവാദമാകുന്നു. പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തെ കാസര്‍കോട് ജില്ലയില്‍ തന്നെ നിയമിക്കാന്‍ ശ്രമം തുടങ്ങി. 9 മാസം മുമ്പാണ് കാസര്‍കോട് സ്വദേശിയായ കെ.പി.വിനോദ് കുമാര്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായി ചുമതലയേറ്റത്.

മയക്കു മരുന്ന്, ഗുണ്ടാ സംഘങ്ങള്‍ക്കും മണല്‍ മാഫിയക്കുമെതിരെ കര്‍ശന നടപടിയുമായാണ് വിനോദ് കുമാര്‍ മുന്നോട്ടുപോയത്. മൊഗ്രാല്‍, നാങ്കി, ഒളയം, പേരാല്‍, ബംബ്രാണ, ആരിക്കാടി, കെ.പി. നഗര്‍ എന്നിവിടങ്ങളില്‍ കടവുകള്‍ തകര്‍ത്ത് മണല്‍ മാഫിയാ സംഘത്തിനെതിരെ കര്‍ശന നടപടിയെടുത്തത് ചിലരെ ചൊടിപ്പിച്ചിരുന്നു.

കുമ്പള സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിക്കടിയുണ്ടായിരുന്ന സംഘട്ടനം പിന്നീട് പല സ്ഥലത്തായി വ്യാപിക്കുകയും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതികള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തതോടെ മനപൂര്‍വം കുഴപ്പമുണ്ടാക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിനോദ് കുമാര്‍ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കര്‍ശനമായ താക്കിത് നല്‍കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

കോടതിയിലെത്തേണ്ട കുടുംബ പ്രശ്നങ്ങള്‍ വിനോദ് കുമാര്‍ സമയം കണ്ടെത്തി സ്റ്റേഷനില്‍ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഇപ്പോള്‍ യാതൊരു കാരണവുമില്ലാതെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത് പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിട വരുത്തിയതോടെയാണ് കാസര്‍കോട് ജില്ലയിലെ ഒരു സ്റ്റേഷനില്‍ നിയമിക്കാന്‍ ശ്രമം നടക്കുന്നത്.

വിനോദ് കുമാറിന്റെ നടപടികള്‍ ചില രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചതാണ് സ്ഥലം മാറ്റത്തിന് കാരണമായതെന്നാണ് സംസാരം. കുമ്പളയില്‍ കര്‍ശന നടപടിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കുമ്പള എസ്.ഐ. ശ്രിജേഷിനെ വന്നയുടനെ മണല്‍ മാഫിയ സ്ഥലം മാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു.

Similar News