കുമ്പള റെയില്‍വെ സ്റ്റേഷന്‍; അവഗണന കുന്നോളം..

Update: 2025-05-19 10:04 GMT

കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരികളുമടക്കം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാതെ റെയില്‍വെ അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ഡിവിഷനിലെ എം.പിമാരുടെ യോഗത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും മലബാര്‍ ഭാഗത്ത് നിന്ന് മംഗലാപുരം ഭാഗത്തേക്ക് വൈകുന്നേരങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സൗകര്യം ഇല്ലാത്തതുമൊന്നും യോഗം ചര്‍ച്ചയ്ക്ക് എടുത്തതേയില്ല. കുമ്പള റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെയുടെ ഏക്കര്‍ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി കൊണ്ടുള്ള വികസനം നടപ്പിലാക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ വന്നില്ലത്രെ. യോഗത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ വാദം മാത്രം കേള്‍ക്കുകയായിരുന്നു എം.പിമാര്‍ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍, പാലക്കാട് ഡിവിഷണല്‍ ഡി.ആര്‍.എം. യോഗത്തില്‍ വിശദീകരിച്ചത് റെയില്‍വെ സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്ന നാമമാത്രമായ ചെറുകിട പദ്ധതികളാണ്. ഇതില്‍ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും റെയില്‍വെ സ്റ്റേഷനില്‍ വിമാനത്താവള നിലവാരത്തില്‍ വെളിച്ചം ഏര്‍പ്പെടുത്തിയതായും സ്റ്റേഷന്‍ പരിസരത്ത് 1832 ചതുരശ്ര മീറ്റര്‍ സ്ഥലം പാര്‍ക്കിങ്ങിനായി സജ്ജമാക്കി എന്നുമാണ് യോഗത്തില്‍ അറിയിച്ചത്.

ജില്ലയില്‍ വരുമാനത്തില്‍ മുന്നിലുള്ള സ്റ്റേഷനുകളില്‍ ഒന്നാണ് കുമ്പള റെയില്‍വെ സ്റ്റേഷന്‍. ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം കുമ്പളയില്‍ നടപ്പാക്കിയിട്ടില്ല. ഇവിടെ രാവിലെ ചുരുക്കം ചില ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. അതേപോലെ വൈകുന്നേരവും. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യം ഇപ്പോഴും പരിഗണിച്ചില്ല.

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികളും ചികിത്സക്കായി രോഗികളും സാധനങ്ങള്‍ക്കായി വ്യാപാരികളും മംഗലാപുരത്തെ ആശ്രയിക്കുന്നതിനായി കുമ്പള റെയില്‍വെ സ്റ്റേഷനിലാണ് എത്തുന്നത്. എന്നാല്‍ കുമ്പളയില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതിനാല്‍ ട്രെയിന്‍ യാത്രാ സൗകര്യം ലഭിക്കുന്നില്ല. ഇതൊക്കെ പരിഗണിച്ച് കുമ്പളയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നായിരുന്നു പാസഞ്ചേഴ്സ് അസോസിയേഷനും മൊഗ്രാല്‍ ദേശീയവേദി അടക്കമുള്ള സംഘടനകളും കാലങ്ങളായി ഉപയോഗിച്ചുവരുന്നത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് നിവേദനങ്ങളും നല്‍കിയിരുന്നു.

കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിധിയില്‍ ഏക്കറുകളോളം സ്ഥലമാണുള്ളത്. ഇത് ഉപയോഗപ്പെടുത്തി സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യവും വര്‍ഷങ്ങളായി ഉയരുന്നുണ്ട്.

Similar News